പോളിടെക്കനിക്ക് ഹോസ്റ്റൽ കഞ്ചാവ് കേസ് : മുഖ്യ പ്രതി അറസ്റ്റിൽ

എറണാകുളം : പോളിടെക്കനിക്ക് ഹോസ്റ്റലിൽ വെച്ച് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യ പ്രതി അനുരാജിനെ പോലീസ് അറസ്റ്റു ചെയ്തു. പോളിയിലെ മൂന്നാംവർഷവിദ്യാർത്ഥിയായ അനുരാജാണ് ഹോസ്റ്റലിൽ ലഹരി എത്തിച്ചു നൽകിയതെന്ന് പോലീസ് പറഞ്ഞു.
കൊല്ലം സ്വദേശിയായ ഈ വിദ്യാർത്ഥിയാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു പേരും മൊഴി നൽകിയിട്ടുണ്ട്. ലഹരി എത്തിച്ച് നൽകിയ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടൻ പിടികൂടുമെന്നു പോലീസ് പറഞ്ഞു.
കൊച്ചി കളമശ്ശേരി ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റൽ മിനി കഞ്ചാവ് വിപണന കേന്ദ്രമാണെന്ന് പൊലീസ്. കോളജിനകത്ത് മാത്രമല്ല കളമശേരിയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്നത് ഹോസ്റ്റലിൽ നിന്നാണ്. പിടിയിലായ ആഷിക് ആണ് പ്രധാന ലഹരി ഇടപാടുകാരൻ. പൊലീസ് പരിശോധന ഉണ്ടാകില്ലെന്ന് ഉറപ്പിലാണ് ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇവിടെവച്ചുതന്നെ പാക്കറ്റുകൾ ആക്കി പുറത്തേക്ക് വിതരണം നടത്തും. ഇത്തവണ ഹോസ്റ്റലിലേക്ക് എത്തിയത് നാല് കഞ്ചാവ് പൊതികളാണ്. രണ്ടെണ്ണം മാത്രമാണ് പിടികൂടാനായത്.
റിമാൻഡിലുള്ള വിദ്യാർത്ഥി ആകാശിനെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ആകാശിനെ ചോദ്യം ചെയ്യുന്നതിലൂടെ ക്യാമ്പസ് ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്ന കൂടുതൽ പേരുടെ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.