ശബരിമലയിൽ പൊലീസ് പ്രവർത്തിക്കുന്നത് മികച്ച രീതിയിൽ; വീഴ്ചയില്ലെന്ന് ജില്ലാ പൊലീസ് മേധാവി
പത്തനംതിട്ട∙ ശബരിമലയിൽ പൊലീസ് മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും എല്ലാ സഹായങ്ങളും ഭക്തജനങ്ങൾക്ക് നൽകാൻ പരമാവധി ശ്രമിക്കുകയാണെന്നും പത്തനംതിട്ട എസ്പി വി.ജി. വിനോദ് കുമാർ മനോരമ ഓൺലൈനോട് പറഞ്ഞു. തുലാമാസ പൂജകൾക്കായി നട തുറന്ന ശേഷം ശബരിമല ദർശനത്തിന് തിരക്ക് കൂടുതലാണ്.നട തുറന്ന പതിനാറാം തീയതി വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്തവരുടെ എണ്ണം 11965 ആണ്. പിന്നീടിത് ഓരോ ദിവസവും വർധിച്ചു. മാസപൂജയുടെ സമയങ്ങളിൽ പടി പൂജയ്ക്കും ഉദയാസ്തമന പൂജയ്ക്കുമായി രണ്ടേകാൽ മണിക്കൂറോളം സമയമെടുക്കും.
ഈ സമയത്താണ് ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് ദർശനം നടത്താൻ ചെറിയ കാലതാമസമുണ്ടാകുന്നതെന്നും വിനോദ് കുമാർ പറഞ്ഞു.ക്യൂവിൽ നിൽക്കുന്ന ഭക്തർക്കെല്ലാം വെള്ളവും ബിസ്ക്കറ്റും നൽകുന്നുണ്ട്. അതിലൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. കഴിഞ്ഞ വർഷം തുലാമാസ പൂജയ്ക്ക് എത്തിയവരെക്കാൾ ഭക്തരാണ് ഇപ്പോൾ എത്തുന്നത്. നട തുറന്ന ശേഷം ആകെയെത്തിയവരുടെ എണ്ണം ലക്ഷം കവിഞ്ഞു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. പൊലീസുകാരുടെ എണ്ണം കൂട്ടേണ്ട സാഹചര്യമുണ്ടായപ്പോൾ ഫലപ്രദമായി അതും നടത്തിയെന്നും വിനോദ് കുമാർ പറഞ്ഞു.