പൊലീസിന് ഇന്ധനം: കുടിശിക അടച്ചുതീർക്കണമെന്ന് പമ്പുടമകള്‍
തിരുവനന്തപുരം: പൊലീസ് വാഹനങ്ങൾ ഇന്ധനം അടിച്ച വകയിലെ കുടിശിക തീര്‍ക്കണമെന്ന ആവശ്യവുമായി പമ്പുടമകള്‍. കുടിശിക തീര്‍ക്കാതെ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പടെ ഒരു സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഇനി ഇന്ധനം നല്‍കില്ലെന്ന് സ്വകാര്യ പമ്പുടമകള്‍ അറിയിച്ചു.
അടുത്ത മാസം ഒന്നുമുതല്‍ കുടിശിക തീര്‍ക്കാതെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം കടം നല്‍കില്ലെന്നാണ് സ്വകാര്യ പമ്പുടമകളുടെ തീരുമാനം. സ്വകാര്യ പമ്പുകള്‍ക്ക് ഇന്ധനമടിച്ച വകയില്‍ ഈ മാസം 10 വരെ 28 കോടി രൂപയാണ് കുടിശികയായി നല്‍കാനുള്ളത്. ഇതാണ് പമ്പുടമകളെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
എന്നാല്‍ പമ്പുടമകളുടെ തീരുമാനം കേരള പൊലീസിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനമായതിനാല്‍ സുരക്ഷാ ഒരുക്കാനും മറ്റും ഓടേണ്ട സമയത്താണ് ഈ പ്രതിസന്ധി. പ്രചരണത്തിനായി പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും മറ്റു പ്രമുഖ ദേശീയ നേതാക്കളുമൊക്കെ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ എത്തുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പല മണ്ഡലങ്ങളിലും പ്രചാരണ പരിപാടിയിലാണ്. ഇവിടെയെല്ലാം സേവനം ഉറപ്പാക്കേണ്ടതുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനവും പൊലീസ് വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനാകാതെ പ്രതിസന്ധി നേരിട്ടിരുന്നു. സ്വന്തം കൈയില്‍ നിന്ന് പണമെടുത്തായിരുന്നു സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇന്ധനമടിച്ചിരുന്നത്.