തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസ് : സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം : കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തു പോലീസ് . പൂരം അലങ്കോലപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവൻ ഡിഐജി തോംസൺ ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്ത് വെച്ച് സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്. പൂരം അലങ്കോലപ്പെട്ട വിവരം ബിജെപി പ്രവർത്തകർ അറിയിച്ചതനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് സുരേഷ് ഗോപിയുടെ മൊഴി. സംഘം ഈ മാസം എഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും.
ലോക് സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി തൃശൂർ പൂരം കലങ്ങിയപ്പോൾ ആംബുലൻസിലാണ് സ്ഥലത്തെത്തിയത്. സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ ബോധപൂർവ്വം പൂരം അട്ടിമറിച്ചെന്നാണ് ആരോപണം. ഗൂഢാലോചന അന്വേഷണം അന്തിമഘട്ടത്തിലാണ്. ഇതിൻെറ ഭാഗമായാണ് തിരുവനന്തപുരത്ത് വച്ച് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയത്. പൂരം അലോങ്കലപ്പെട്ട വിവരം ബിജെപി പ്രവർത്തകർ അറിയിച്ചതിനെ തുടർന്നാണ് വാഹനത്തിൽ സ്ഥലത്തെത്തിയതെന്നാണ് മൊഴി. നിലവിലെ മൊഴി പരിശോധിച്ച ശേഷം വീണ്ടും മറ്റ് മൊഴികളുമായി വൈരുദ്ധ്യമുണ്ടെങ്കിൽ വീണ്ടും കേന്ദ്രമന്ത്രിയുടെ മൊഴി രേഖപ്പെടുത്തും.
ആംബുലൻസിൽ സുരേഷ് ഗോപി എത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതിന് ശേഷവും സുരേഷ് ഗോപി അക്കാര്യം നിഷേധിച്ചിരുന്നു. അതിനാൽ ആംബുലൻസിലെ വരവിൽ കേന്ദ്രമന്ത്രി പൊലീസിന് നൽകിയ മൊഴി നിർണായകമാണ്. സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലൊന്നാണ് ക്രൈം ബ്രാഞ്ച് മേധാവിക്ക് കീഴിലുള്ള പ്രത്യേക സംഘത്തിൻെറ ഗൂഢാലോചനയിലെ അന്വേഷണം. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകാൻ തിരുവമ്പാടി ദേവസ്വം ഭാരാവാഹികൾ ശ്രമിച്ചുവോയെന്ന് സംശയിക്കുന്നുവെന്നായിരുന്നു ആദ്യം അന്വേഷണം നടത്തിയ എഡിജിപി എം.ആർ.അജിത് കുമാറിൻെറ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്മേലാണ് ത്രിതല അന്വേഷണം സർക്കാർ പ്രഖ്യാപിച്ചത്.എഡിജിപിക്ക് വീഴ്ചയുണ്ടായെന്നായിരുന്നു ഡിജിപിയുടെ റിപ്പോർട്ട്.