പോലീസുകാരെ കലാകാരന്മാർക്കും ജീവിക്കണം

ബിജു വിദ്യാധരൻ (എഡിറ്റോറിയൽ)
നവംബർ മാസം 15 മുതൽ ഏപ്രിൽ മാസം അവസാനം വരെയുള്ള അഞ്ചര മാസക്കാലമാണ് ഞങ്ങൾക്ക് ജോലി ഉള്ളത് ബാക്കിയുള്ള ആറര മാസക്കാലം ഞങ്ങൾ വെറുതെ ഇരിക്കുകയാണ്. ഈ കാലയളവിൽ ഉത്സവപ്പറമ്പുകളിൽ ഞങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടിയിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് ഞങ്ങളുടെയും കുടുംബത്തിന്റെയും വിശപ്പ് മാറ്റുന്നത്. നിങ്ങൾ പോലീസുകാർക്ക് ലഭിക്കുന്നതുപോലെ മാസശമ്പളമില്ല. നിങ്ങളെപ്പോലെ മറ്റ് അനുകൂല്യങ്ങളില്ല. നിങ്ങളെപ്പോലെ സർക്കാർ വാഹനങ്ങളില്ല. ആകെയുള്ളത് കല മാത്രമാണ്. ഉത്സവകാലത്ത് മിക്കക്ഷേത്രങ്ങളിലെയും പൂജയും ഹോമങ്ങളും സംബന്ധിച്ച ആചാര അനുഷ്ഠാനങ്ങൾ അവസാനിക്കുന്നത് രാത്രി 9 മണിയോടുകൂടിയായിരിക്കും അതിനുശേഷം ആണ് ഞങ്ങൾ കലാകാരന്മാർ സ്റ്റേജിൽ കയറുന്നത്. ഒരു കലാപരിപാടി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ച് അത് ആസ്വദിച്ചു വരുമ്പോഴാണ് 10 മണിയായെന്നു പറഞ്ഞു നിങ്ങൾ ആ പരിപാടി തടസ്സപ്പെടുത്താനെത്തുന്നത്.
ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ വരുന്നത്. അങ്ങനെ നീതിനടപ്പിലാക്കാൻ വരുമ്പോൾ ഞങ്ങൾക്കുണ്ടാകുന്നത് ഒരു കാര്യം ചിന്തിക്കണം നിങ്ങളുടെ ഭാര്യയും മക്കളും അച്ഛനും അമ്മയും തീൻ മേശയുടെ മുന്നിലിരുന്ന് നല്ല ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾ കാരണം ഞങ്ങളുടെ കുടുംബം പട്ടിണിയിലേക്ക് പോവുകയാണ്. മുൻവർഷങ്ങളിൽ ഒരു രാത്രിയിൽ രണ്ട് പരിപാടികൾ ഞങ്ങൾ ചെയ്തിരുന്നു. എന്നാൽ പോലീസ് കാരണം ഇപ്പോൾ പലരും പരിപാടി ബുക്ക് ചെയ്യാൻ വരുമ്പോൾ തന്നെ ഒരു മണിക്കൂർ മതിയെന്ന് പറഞ്ഞു പകുതി പൈസയ്ക്ക് പരിപാടി ബുക്ക് ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. സംസ്ഥാനത്ത് 5 ലക്ഷത്തോളം കലാകാരന്മാരാണ് ക്ഷേത്ര ഉത്സവത്തിന്റെ അടിസ്ഥാനത്തിൽ ജീവിച്ചു പോകുന്നത്.
ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ കുഞ്ഞിനോട് ആണത്തം കാണിച്ച പോലീസ്. ഇത് ഒരു പോലീസുകാരന്റെയോ ഒരു രാഷ്ട്രീയ നേതാവിനെ മകളായിരുന്നെങ്കിൽ ഈ ആണത്തം കാണിക്കാൻ അവിടെയെത്തുമായിരുന്നോ, പാർട്ടി പരിപാടിക്ക് റോഡിൽ പന്തലിടാൻ സഹായിക്കുന്ന പോലീസിന് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിയമങ്ങൾ അറിയില്ലേ. അതോ കലാകാരന്മാരോട് എന്തും ആകാം എന്നുള്ളതാണോ?. പറയൂ പോലീസ് നിങ്ങൾ തന്നെ മറുപടി തരണം.
വാഹനത്തിൽ നിന്നും പുറത്തിറങ്ങാതെ സീറ്റ് ബെൽറ്റിനും ഹെൽമെറ്റിനും പെറ്റി അടിക്കുന്ന പോലീസുകാരെ നിങ്ങളോട് ഒന്നു ചോദിക്കട്ടെ പാർട്ടി പതാകളുമായി ഒരു വാഹനത്തിൽ രണ്ടിൽ കൂടുതൽ ആളുകൾ പോകുമ്പോൾ എന്തുകൊണ്ട് നിങ്ങളുടെ ക്യാമറകൾ ചലിക്കുന്നില്ല. എന്തുകൊണ്ട് അവരുടെ ചിത്രങ്ങൾ നിങ്ങളുടെ ഫോണിൽ എടുത്തു പിഴ നൽകുന്നില്ല. അങ്ങനെ ചിത്രങ്ങൾ എടുക്കാൻ നിങ്ങൾക്ക് ധൈര്യമില്ല. പോലീസിലെ കലാകാരന്മാരായ ഉത്തരകുട്ടന്മാരും മറ്റും സ്റ്റേജുകളിൽ നിന്നും ഗാനമാലപിക്കുമ്പോൾ സമയമായി എന്ന് പറഞ്ഞു ഫ്യൂസ് ഊരാൻ വരുമോ. കലാകാരന്മാർ ഗാനങ്ങൾ ആലപിക്കുമ്പോൾ ആസ്വാദകർ ചിലപ്പോൾ നൃത്തം ചെയ്യും അത് അവരുടെ അവകാശമാണ്. അത് അമിതമായാൽ നിയന്ത്രിക്കാം.
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഷാനവാസിനെ കണ്ടു മറ്റു പോലീസ് ഉദ്യോഗസ്ഥർ പഠിക്കണം. പരിമിതികൾ ഉണ്ടെങ്കിലും പരാതികളില്ലാതെ പൊതുജനങ്ങളോടൊപ്പം നിന്ന് ഉത്സവങ്ങൾക്ക് മറ്റും സുരക്ഷയൊരുക്കുന്ന ഉദ്യോഗസ്ഥൻ. എന്നാൽ ചില അപവൈശാഖന്മാർ പ്രശ്നങ്ങളില്ലാത്ത ഉത്സവപ്പറമ്പുകളിൽ പ്രശ്നങ്ങളുണ്ടാക്കി കലാപരിപാടികൾ തടസ്സപ്പെടുത്താൻ ശ്രമിക്കും. ഒന്ന് ചിന്തിക്കണം നിയമം നടപ്പിലാക്കേണ്ടതാണ്, അത് ലെങ്കിക്കപ്പെടേണ്ടതല്ല, നിയമത്തിനു മുന്നിൽ ഞാനും നിങ്ങളും തുല്യരാണ് നിയമപാലകരായ നിങ്ങൾ രാഷ്ട്രീയക്കാരെയും, സമൂഹത്തിലെ ഉന്നതരെയും, സമൂഹത്തിലെ പൊതുജനങ്ങളെയും ഒരേപോലെ കാണണം. പക്ഷേ ഇന്ന് കേരളത്തിലെ പോലീസുകാർ രാഷ്ട്രീയക്കാരെയും, സമൂഹത്തിലെ ഉന്നതരെയും, പൊതുജനങ്ങളെയും മൂന്ന് രീതിയിലാണ് കാണുന്നത്. നിങ്ങൾ ഒരു കാര്യം മാത്രം ചിന്തിക്കുക നിങ്ങളെപ്പോലെ ഞങ്ങൾക്കും കുടുംബവും കുട്ടികളുമുണ്ട്. നിങ്ങളെപ്പോലെ തന്നെ വിശപ്പ് ദാഹവുമുണ്ട്. പക്ഷേ നിങ്ങളെപ്പോലെ മാസശമ്പളവും അധികാരവുമില്ല.
ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്തു ജനങ്ങളുടെ നികുതി പണത്തിൽ നിന്നും അല്ലെങ്കിൽ ജനങ്ങളിൽ നിന്നും ഈടാക്കുന്ന പിഴയിൽ നിന്നും ലഭിക്കുന്ന പണമാണ് നിങ്ങൾക്ക് ശമ്പളമായി കിട്ടുന്നത്. അതായത് നിങ്ങൾ ഞങ്ങളുടെ ജോലിക്കാരാണ് എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ഇത് മനസ്സിലാക്കിയാൽ സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും. നിങ്ങളോട് ഞങ്ങൾക്കുള്ള അപേക്ഷ ഇതാണ്. “ഞങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരി ഇടല്ലേ”