പൂരത്തിന് RSS നേതാവിൻ്റെ ചിത്രം കുടമാറ്റത്തിന് ഉപയോഗിച്ചതിൽ കേസെടുത്ത് പൊലീസ്

കൊല്ലം: കൊല്ലം പൂരത്തിലെ കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയ സംഭവത്തിൽ കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്.
തിരുവിതാംകൂർ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരമാണ് കേസെടുത്തത്. പുതിയകാവ് ക്ഷേത്ര സമിതിയാണ് നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പo ഹെഡ്ഗേവാറിൻ്റെ ചിത്രവും ഉയർത്തിയത്. സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്നും നിജസ്ഥിതി ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് പി എസ് പ്രശാന്ത് പറഞ്ഞു.ഇന്നലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് അവസാനം കുറിച്ചുകൊണ്ട് കൊല്ലം പൂരം അരങ്ങേറിയത്. സാംസ്കാരിക സമ്മേളനത്തിന് പിന്നാലെയാണ് കുടുമാറ്റത്തിലാണ് ആർ എസ് എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത്.
ആർഎസ്എസ് സ്ഥാപകന്റെ ചിത്രം പൂരത്തിൻ്റെ ഭാഗമായി പ്രദർശിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമെന്നും കേസെടുക്കണമെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ വിഷ്ണു സുനിൽ പന്തളം കമ്മീഷണർക്ക് പരാതി നൽകി.സംഭവത്തിൽ ഡി വൈ എഫ് ഐ യും പരാതി നൽകി.
സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും, ഡി വൈ എഫ് ഐ യും പ്രതിഷേധം സംഘടിപ്പിച്ചു. ഇങ്ങനെയുള്ള കാര്യങ്ങൾ വെച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.പി എസ് പ്രശാന്ത് പറഞ്ഞു.