വി.എസ്.നെതിരെ അധിക്ഷേപ പോസ്റ്റ് :കോൺഗ്രസ് പ്രവർത്തകയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്

എറണാകുളം :മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകയ്ക്ക് എതിരെ കേസെടുത്ത് പൊലീസ് . എറണാകുളം ഏലൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകയ്ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ ഏലൂർ മേഖല സെക്രട്ടറി സി.എ.അജീഷിന്റെപരാതിയിലാണ് നടപടി. ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വി എസ് ദ്രോഹിച്ചത് കോൺഗ്രസ് പ്രവർത്തകർ മറക്കരുത് എന്ന ആശയത്തിൽ ആയിരുന്നു പോസ്റ്റ് .ഇതിൽ വി എസിനെതിരെ അധിക്ഷേപ പരാമർശങ്ങളും ഉണ്ടായിരുന്നു. വി എസിനെതിരെ ജാതീയമായി അധിക്ഷേപം നടത്തിയ സംഭവത്തിൽ എറണാകുളം റൂറൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചതായി റൂറൽ എസ് പി വ്യക്തമാക്കി. അബ്ദുൽ റഹീം എന്നപേരിലാണ് അധിക്ഷേപ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
നേരത്തെ വി എസ് അച്യുതാനന്ദനെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഒരു അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ്റിങ്ങല്‍ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി അധ്യാപകന് അനൂപിനെയാണ് നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.കോണ്‍ഗ്രസ്സ് അനുകൂല സംഘടന പ്രവര്‍ത്തകനായിരുന്നു അനൂപ്.
മറ്റൊരു പോസ്റ്റിൽ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകൻ യാസിൻ അഹമ്മദിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
വിഎസിനോടുള്ള ആദരസൂചകമായി ഇന്ന് ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും ഓഫീസുകളും പ്രവർത്തിക്കില്ല. ഇന്നത്തെ എല്ലാ പിഎസ്സി പരീക്ഷകളും മാറ്റി. അഭിമുഖങ്ങൾക്ക് മാറ്റമില്ല. എംജി സർവകലാശാലയുടെ പരീക്ഷകളും മാറ്റി.