പതിനെട്ടാം പടിയിലെ ഫോട്ടോ ഷൂട്ട്: പൊലീസുകാരെ തീവ്രപരിശീലനത്തിന് അയക്കാൻ തീരുമാനം
ശബരിമല: പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്ത പൊലീസുകാരെ നല്ലനടപ്പിനായി തീവ്രപരിശീലനത്തിന് അയക്കും. കണ്ണൂരിലേക്ക് ഇവരെ തീവ്രപരിശീലനത്തിന് അയക്കാനാണ് തീരുമാനം. ശബരിമലയില്‍ ജോലിയില്‍ നിന്നും ഇറങ്ങിയ ഇവരെ കണ്ണൂരിലേക്ക് മാറ്റും. വീട്ടിലേക്ക് പോകാനാവാത്ത വിധത്തിലുള്ള തീവ്ര പരിശീലനമായിരിക്കും നല്‍കുക. 25 പൊലീസുദ്യോഗസ്ഥരെയും നാല് ദിവസം കെ.എ.പി 4 ബറ്റാലിയനിൽ കഠിന പരിശീലനത്തിനയക്കും. പിന്നാലെ 10 ദിവസം ശബരിമല പരിസരം വൃത്തിയാക്കണം. ഈ ജോലി ചെയ്യുന്ന വിശുദ്ധി സേനയ്ക്കൊപ്പം പ്രവർത്തിക്കണം എന്നാണ് നിർദേശം.
എസ്എപി ക്യാംപിലെ പൊലീസുകാരാണ് ഫോട്ടോ എടുത്തത്. തിങ്കളാഴ്ച്ചയാണ് നടപടിക്കാസ്പദമായ ഫോട്ടോയെടുത്തത്. പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞുനില്‍ക്കുന്ന ഫോട്ടോയെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് ഏകോപന ചുമതലയുള്ള എഡിജിപിയോട് വിശദീകരണം തേടി.
എഡിജിപി സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കെ ഇ ബൈജുവിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എഡിജിപി വ്യാഴാഴ്ച്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം, ഇത്തരത്തില്‍ ഫോട്ടോ എടുക്കുന്നത് ആചാര ലംഘനം ആണെന്ന് അറിയില്ലായിരുന്നുവെന്നാണ് പൊലീസുകാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം.