പൊലീസുകാരനെ ആക്രമിച്ച കേസ് : പി കെ ബുജൈറിനെ റിമാൻഡ് ചെയ്‌തു.

കോഴിക്കോട്:ലഹരി പരിശോധനക്കിടയിൽ പൊലീസുകാരനെ ആക്രമിച്ച കേസിൽ പിടിയിലായ പി കെ ബുജൈറിനെ റിമാൻഡ് ചെയ്‌തു. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കിയ പി കെ ബുജൈറിനെ രണ്ടാഴ്‌ചത്തേക്കാണ് റിമാൻഡ് ചെയ്‌തത്. ഇന്ന് ഉച്ചക്കാണ് മെഡിക്കൽ പരിശോധനക്ക് വിധേയനാക്കിയ ശേഷം കുന്ദമംഗലം പൊലീസ് പ്രതിയെ മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കിയത്.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, പൊലീസിനെ ആക്രമിച്ചു എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇന്നലെ സന്ധ്യയോടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കുന്ദമംഗലം പതിമംഗലത്തിന് സമീപം ചൂലാം വയലിൽ ലഹരി വിൽപ്പന നടക്കുന്നുണ്ട് എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പെട്രോളിങ്ങുമായി എത്തിയത്.ഇവിടെ ബസ്റ്റോപ്പിന് സമീപം വച്ച് സംശയകരമായ സാഹചര്യത്തിൽ റിയാസ് എന്നൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തി. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ അതിൽ ബുജൈറിൻ്റെ സന്ദേശം പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടു. അതിന് പൊലീസ് തന്നെ മറുപടി നൽകിയതോടെ പികെ ബുജൈർ സ്ഥലത്തെത്തി. ഇയാളെ പരിശോധനക്ക് വിധേയനാക്കിയെങ്കിലും ലഹരി വസ്‌തുക്കൾ ഒന്നും ലഭ്യമായിട്ടില്ല.
അതിനിടയിൽ പൊലീസുമായി തർക്കത്തിൽ ഏർപ്പെടുകയും കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അജീഷിൻ്റെ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ച് തള്ളുകയും ചെയ്‌തു. ഇതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ബുജൈറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിന്നീട് കസ്റ്റഡിയിലെടുത്ത റിയാസിനെ നേരത്തെ തന്നെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിൻ്റെ സഹോദരനാണ് പിടിയിലായ പി കെ ബുജൈർ. സംഭവവുമായി ബന്ധപ്പെട്ട് പി കെ ഫിറോസ് ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കണ്ടു.
ലഹരി ഇടപാട്: യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്‍റെ സഹോദരൻ അറസ്റ്റില്‍