മരിച്ചെന്ന് കരുതി നാട്ടുകാര്‍, യുവാവിനെ തോട്ടില്‍നിന്ന് രക്ഷപ്പെടുത്തി പൊലീസ്

0
IDKI

കട്ടപ്പന: ഇടുക്കി പെരുവന്താനത്ത് നെടുംതോട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്. മുണ്ടക്കയം പുത്തന്‍ചന്ത സ്വദേശി ഷെഫീക്കിനെയാണ് രക്ഷപെടുത്തിയത്. മരണം സംഭവിച്ചിരിക്കാമെന്ന് കരുതിയ നാട്ടുകാര്‍ പെരുവന്താനം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടനടി സ്ഥലത്തെത്തിയ പൊലീസ് തോട്ടിലിറങ്ങി യുവാവിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു. ശനിയാഴ്ച്ച രാവിലെ ആറരയോടെയാണ് സംഭവം. നെടുംതോട്ടില്‍ ഒരാള്‍ തോട്ടില്‍ കിടക്കുന്നതായി നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ പെരുവന്താനം പൊലീസ് സ്ഥലത്ത് എത്തി. റോഡിന് എതിര്‍വശത്ത് പൊന്തയ്ക്കുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു യുവാവ്. മരിച്ചെന്ന് കരുതി നാട്ടുകാര്‍ മാറി നില്‍ക്കുകയായിരുന്നു.

പൊലീസ് തോട്ടില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ യുവാവിന് ജീവനുണ്ടെന്ന് മനസിലായി. ഉടന്‍ തന്നെ തോട്ടില്‍നിന്നു കരയ്ക്കെത്തിച്ച് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. അപകടനില തരണം ചെയ്തതായും തുടര്‍ ചികിത്സയ്ക്കായി യുവാവിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതായും ബന്ധുക്കള്‍ പറഞ്ഞു. പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിയാദ്, ജോമോന്‍ എന്നിവര്‍ ചേര്‍ന്നാണ് തോട്ടില്‍ ഇറങ്ങി ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. വെള്ളത്തില്‍ മുങ്ങിപ്പോകുന്ന നിലയിലുള്ള സ്ഥലത്തു നിന്നാണ് പൊലീസുകാര്‍ യുവാവിനെ രക്ഷപ്പെടുത്തിയത്. ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് യുവാവ് മരുന്ന് കഴിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *