ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി വീണ്ടും പോലീസ് കസ്‌റ്റഡിയിൽ (VIDEO)

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ട ജീവപര്യന്തം തടവുകാരനായ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി തടവുചാടി മണിക്കൂറുകൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് പോലീസ് സാഹസികമായി പിടികൂടിയത്.
ഇയാൾ തടവുചാടിയ വിവരം പോലീസ് ഇന്ന് രാവിലെയാണ് അറിയുന്നത്.തളാപ്പിലുള്ള കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്തു വെച്ച് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. സംശയം തോന്നി ” ഗോവിന്ദച്ചാമി ” യെന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.തുടർന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിയതായി സൂചനകൾ ലഭിച്ചതോടെയാണ് പോലീസ് വീട് വളഞ്ഞ് നടത്തിയ പരിശോധനയിൽ കിണറിൽ നിന്നും ചാമി പിടിയിലാകുന്നത് .പോലീസ് വീട് വളഞ്ഞപ്പോൾ ഇയാൾ കിണറ്റിലേക്ക് ചാടുകയായിരുന്നു .
ജയിലിൽ അതീവ സുരക്ഷ മേഖലയായ 10ാം ബ്ലോക്കിലാണ് ഗോവിന്ദ ചാമിയുണ്ടായിരുന്നത്. പത്താം ബ്ലോക്കിൽ നിന്ന് ഷാൾ ഉപയോഗിച്ച് രണ്ടാമത്തെ മതിലിലേക്ക് കുരുക്കിട്ടാണ് ഒറ്റക്കയ്യനായ ഇയാൾ പുറത്ത് കടന്നത്.
രാവിലെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. രാത്രിയാകാം പ്രതി ജയില്‍ ചാടിയതെന്നാണ് കരുതുന്നത്. സംഭവം അറിഞ്ഞയുടൻ പോലീസ് പ്രതിക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചിരുന്നു . സുരക്ഷാ ജീവനക്കാർക്ക് വീഴ്‌ച പറ്റിയോ, മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പോലീസ് പരിശോധിക്കും.
ജയിൽ ചാടിയ വിവരം അറിഞ്ഞയുടനെ ഡിഐജി. സംസ്ഥാനത്തുടനീളം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു സമീപ പൊലീസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം നൽകി. അതിർത്തി മേഖലകളിലും കർശന പരിശോധന ആരംഭിച്ചു.ഇതിനിടയിലാണ് പ്രതിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടുന്നത്.
2011 ഫെബ്രുവരി 1നാണ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസ് നടക്കുന്നത്. എറണാകുളത്ത് നിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിലെ വനിതാ കമ്പാർട്ട്മെൻ്റിൽ വച്ചാണ് ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചത്. ഓടുന്ന ട്രെയിനിൽ നിന്ന് സൗമ്യയെ തള്ളിയിട്ട ശേഷം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ തൃശൂർ അതിവേഗ കോടതി ആദ്യം വധശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാൽ പിന്നീട് അപ്പീലിൽ സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. ബലാത്സംഗം തെളിഞ്ഞെങ്കിലും കൊലപാതകം നേരിട്ട് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയത്. നിലവിൽ കൊലപാതക കുറ്റത്തിനാണ് ഗോവിന്ദച്ചാമി ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്.
ബലാത്സംഗം, മോഷണം എന്നീ കുറ്റങ്ങൾ നിലനിർത്തിയാണ് ജീവപര്യന്തം തടവാക്കി മാറ്റിയത്. സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് മരണകാരണമായെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ട്രെയിനിൽ നിന്ന് വീണതിനെത്തുടർന്നുണ്ടായ തലയിലെ പരിക്കാണ് മരണകാരണം എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ലൈംഗികാതിക്രമം മാത്രമാണ് ഗോവിന്ദച്ചാമി ചെയ്‌തതെന്ന് സുപ്രീംകോടതി കണ്ടെത്തി. ഈ കേസ് കേരളത്തിൽ വലിയ ജനരോഷത്തിന് ഇടയാക്കുകയും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു.
കേസിൻ്റെ നാൾവഴികൾ :
2011 ഫെബ്രുവരി 02 നാണ് ഗോവിന്ദച്ചാമി മുപ്പതാംവയസ്സിൽ സൗമ്യാക്കേസുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലാകുന്നത് .അതെ വർഷം ഫെബ്രുവരി 6 ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് സൗമ്യ മരിക്കുന്നു . കൊലപാതകം, കവർച്ച, മാനഭംഗം എന്നീ കുറ്റങ്ങൾ ചുമത്തി 2011 ഏപ്രിൽ 18 ന് ഗോവിന്ദച്ചാമിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു.നവംബർ 11ന് ഗോവിന്ദച്ചാമിക്ക് തൃശൂർ അതിവേഗ കോടതി വധശിക്ഷ വിധിച്ചു.2014 ജൂലൈ 30ന് വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു.2016 സെപ്റ്റംബർ 15 ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. മാനഭംഗത്തിനു വിചാരണക്കോടതി നൽകിയ ജീവപര്യന്തം കഠിനതടവ് നിലനിർത്തുകയും സൗമ്യയെ ഗുരുതര മുറിവേൽപിച്ചതിന് ഏഴുവർഷം കഠിനതടവ് അനുഭവിക്കണമെന്നും വിധി വന്നു.
2016 സെപ്റ്റംബർ 22 കൊലക്കുറ്റം ഒഴിവാക്കിയത് ചോദ്യം ചെയ്‌ത് സൗമ്യയുടെ അമ്മ സുമതി ഗണേശിന്‍റെ പുനഃപരിശോധനാ ഹർജി സുപ്രീംകോടതിയിലെത്തി .സെപ്റ്റംബർ 23 കേരള സർക്കാരും പുനഃപരിശോധനാ ഹർജി നൽകി.2016 ഒക്ടോബർ വിധിയെ പരസ്യമായി വിമർശിച്ച മുൻ സുപ്രീംകോടതി ജഡ്‌ജി മാർക്കണ്ഡേയ കട്‌ജുവിനോടു നേരിട്ടെത്തി വിശദീകരണം നൽകാൻ സുപ്രീം കോടതി നിര്‍ദേശം നൽകി .
2016 നവംബർ 11 സർക്കാരിന്‍റെയും സൗമ്യയുടെ അമ്മയുടെയും പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി. വിധിക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ നൽകിയ തിരുത്തൽ ഹർജിയും സുപ്രീംകോടതി തള്ളി.
ചാർളി തോമസ് എന്ന പേരിലാണ് ഗോവിന്ദച്ചാമി തമിഴ്‌നാട് പൊലീസ് രേഖകളിൽ അറിയപ്പെട്ടിരുന്നത്. സൗമ്യ കേസിൽ അറസ്റ്റിലാകുന്നതിന് മുമ്പ് പല വർഷങ്ങളായി ഇയാൾ ജയിലിൽ നിന്ന് പുറത്തും അകത്തും ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. കേരള സമൂഹത്തിൽ ഏറ്റവും വെറുക്കപ്പട്ട കുറ്റവാളികളിലൊരാളാണ് ഒറ്റക്കയ്യനായ സേലം വിരുതാചലം സമത്വപുരം ഐവത്തിക്കുടി സ്വദേശിയായ ഗോവിന്ദച്ചാമി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 2011 നവംബർ 11നു കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചത് മുതൽ ഗോവിന്ദച്ചാമി ഉദ്യോഗസ്ഥർക്ക് സ്ഥിരം തലവേദനയായിരുന്നു.ജയിൽമാറ്റം ആവശ്യപ്പെട്ട് ആത്മഹത്യാ നാടകം കളിച്ചു. പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നിരാഹാരം കിടന്നു. എല്ലാ ദിവസവും ബിരിയാണി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സെല്ലിനുള്ളിലെ സിസിടിവി ക്യാമറ തകരാറിലാക്കി. ജയിൽ ജീവനക്കാർക്കെതിരെ വിസർജ്യമെറിഞ്ഞു. ജയിലിലെ അക്രമത്തിന്‍റെ കേസിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഗോവിന്ദച്ചാമിയെ പത്തുമാസം തടവിന് ശിക്ഷിച്ചിരുന്നു.
ഗോവിന്ദച്ചാമിയുടെ ഒരു കൈ നഷ്‌ടപ്പെട്ടത് എങ്ങനെയാണെന്ന് കൃത്യമായ രേഖകളില്ല. കൈമുട്ടിന് 16 സെന്‍റീമീറ്റർ താഴെ വച്ചാണ് ഇയാളുടെ കൈ നഷ്‌ടപ്പെട്ടതെന്നും എന്നാൽ ആ കൈക്ക് പൂർണ ശേഷി ഉണ്ടായിരുന്നുവെന്നും ഗോവിന്ദച്ചാമിയെ പരിശോധിച്ച ഡോക്‌ടർമാർ കോടതിയിൽ മൊഴി നൽകിയിരുന്നു. അന്തരിച്ച അഡ്വ: ബിഎ ആളൂൾ സൗമ്യ കേസിലൂടെയാണ് പ്രശസ്‌തനായത്. ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന ആളൂർ.
സൗമ്യ വധക്കേസിന് മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ ഗോവിന്ദച്ചാമി ഉൾപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ഇയാൾക്കെതിരെ മോഷണം, പിടിച്ചുപറി, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങൾക്ക് കേസുകൾ നിലവിലുണ്ടായിരുന്നു. പല കേസുകളിലും ഇയാൾ ശിക്ഷിക്കപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്.
അതീവ സുരക്ഷയുണ്ടെന്ന് പറയപ്പെടുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഒറ്റക്കയ്യനായ ഗോവിന്ദ് ചാമി
അതിവിദഗ്ദ്ധമായി ചാടി പുറത്തുവന്നതോടെ ഒരു കൊടുംകുറ്റവാളിയാണ് താനെന്ന് ഒരിക്കൽകൂടി ഇവിടെയുള്ള സുരക്ഷാസംവിധാനങ്ങളേയും ജനങ്ങളേയും ഓർമ്മപ്പെടുത്തിയിരിക്കയാണ് .
MURALI PERALASSERI