അലൻ വാക്കറുടെ സംഗീത നിശക്കിടെ മൊബൈലുകൾ മോഷ്ടിക്കപ്പെട്ടത് ആസൂത്രിതമെന്ന് പൊലീസ്;കാണാതായത് 22 ഐഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളും
കൊച്ചി: പ്രശസ്ത സംഗീതജ്ഞൻ അലൻ വാക്കർ ബോൾഗാട്ടിയിൽ അവതരിപ്പിച്ച സംഗീത നിശക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടത് ആസൂത്രിതമെന്ന് പൊലീസ്. മോഷണം നടക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് കരുതിയിരുന്ന ആൾക്കൂട്ടത്തിന്റെ പക്കൽ നിന്നാണ് 22 ഐഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളും മോഷ്ടിക്കപ്പെട്ടത്. ഇതിനു പിന്നിൽ വൻനഗരങ്ങളിലെ പരിപാടികള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. മോഷണത്തിന്റെ രീതി പരിശോധിച്ചതിൽനിന്ന് സംഘടിത കുറ്റകൃത്യം ആണെന്ന നിഗമനത്തിലാണ് പൊലീസ്. ഫോണ്‍ നഷ്ടപ്പെട്ടവരിലൊരാൾ അതിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ നെടുമ്പാശേരിയിലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പൊലീസ് സംഘം ഇവിടെ എത്തിയപ്പോഴേക്കും ലൊക്കേഷൻ മുംബൈ ആയി മാറി. വിമാനത്തിലും ട്രെയിനിലും സംഘം കൊച്ചി വിട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. മൊബൈലുകൾ വീണ്ടെടുക്കുന്നതിനായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ മുംബൈയിലേക്ക് തിരിച്ചു.
ഇതേ രീതിയിൽ മുമ്പ് മുംബൈയിലും ഡൽഹിയിലും ബെംഗളുരുവിലും മോഷണം നടന്നിട്ടുണ്ട്. എന്നാൽ ഇതിലൊന്നും തന്നെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. പണം മുടക്കി പരിപാടിക്ക് ടിക്കറ്റെടുത്ത ശേഷം കൊച്ചിയിലെത്തി മോഷണം നടത്തുകയും അപ്പോൾ തന്നെ നഗരം വിടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.