പൊലീസുകാരിലെ ആത്മഹത്യക്ക് കാരണം ജോലി സമ്മര്‍ദമല്ലെന്ന് പൊലീസ് മേധാവി

0

കോഴിക്കോട്: കടുത്ത ജോലി സമ്മര്‍ദ്ദവും ജോലി സ്ഥലത്തെ അന്തരീക്ഷവും പൊലീസ് സേനാംഗങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പോലീസ് സേനാംഗങ്ങളില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യ തടയാന്‍ സേനയുടെ അംഗബലം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നിര്‍ദേശിച്ചു. സേനാംഗങ്ങള്‍ക്കിടയിലെ ആത്മഹത്യയെക്കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ണായക നിര്‍ദേശം. മദ്യപാനവും കുടുംബഛിദ്രവും സാമ്പത്തിക അച്ചടക്കമില്ലായ്മയും മറ്റുമാണ് ആത്മഹത്യക്ക് കാരണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനോട് വിയോജിച്ചാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ണായക ഇടപെടല്‍.

ജോലി സമ്മര്‍ദം കാരണം ആത്മഹത്യ വര്‍ധിക്കുന്നു എന്നതിന് ഒരു തെളിവുമില്ലെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ളവരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കരുതെന്ന് കെ ബൈജുനാഥ് നിര്‍ദേശിച്ചു.ക്വാണ്ടം കമ്പ്യൂട്ടിംഗ്, എഡ്ജ് കമ്പ്യൂട്ടിംഗ്, ജനറേറ്റീവ് എ.ഐ. തുടങ്ങിയ സാങ്കേതികവിദ്യകള്‍ ലഭ്യമായിട്ടും പോലീസിലെ പല കാര്യങ്ങളും പരമ്പരാഗതമായ രീതിയിലാണ് നടക്കുന്നതെന്ന് കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ വിശദമായ ഉത്തരവില്‍ പറഞ്ഞു. പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതും മാനവിക വിരുദ്ധവുമായ കൊളോണിയല്‍ കാലത്തെ ശേഷിപ്പുകള്‍ പോലീസ് സേനയില്‍ അവസാനിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

സേനാംഗങ്ങളിലെ ആത്മഹത്യ തടയാന്‍ കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കമ്മീഷനില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ സാമ്പത്തിക ബാധ്യത വരാത്ത എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ മുഖേന നടപ്പിലാക്കാന്‍ കഴിയുന്ന പ്രപ്പോസലുകള്‍ പരിശോധിച്ച് അവ കാലതാമസമില്ലാതെ നടപ്പിലാക്കണമെന്ന് കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. നയപരമായ തീരുമാനങ്ങള്‍ വേണ്ട കാര്യങ്ങള്‍ വിശദമായി പഠിച്ച് പ്രാവര്‍ത്തികമാക്കാന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി നടപടിയെടുക്കണം. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ആഭ്യന്തര വകുപ്പു സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും 3 മാസത്തിനകം ബോധിപ്പിക്കണം എന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *