പോളിന്‍റെ കുടുംബത്തിന് 10 ലക്ഷം, പുൽപ്പള്ളിയിൽ ഞായറാഴ്ച വരെ നിരോധനാജ്ഞ

0

പുൽപ്പള്ളി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്‍റെ കുടുംബത്തിന് നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ ഇന്നു കൈമാറും. പണം ഉടൻ കൈമാറുമെന്ന് അധികൃതർ ഉറപ്പു നൽകിയതോടെയാണ് പോളിന്‍റെ മൃതദേഹം ആംബുലൻസിൽ നിന്ന് പുറത്തിറക്കാൻ നാട്ടുകാർ തയാറായത്. കുടുംബത്തിനു കൈമാറാനുള്ള 5 ലക്ഷം രൂപയുമായെത്തിയ എഡിഎമ്മിനെ നാട്ടുകാർ തടഞ്ഞു വച്ചിരുന്നു. പ്രതിഷേധം രൂക്ഷമായതോടെയാണ് 10 ലക്ഷം രൂപയും ഉടൻ കൈമാറുമെന്ന് ഉറപ്പു നൽകിയത്. ജനരോഷം ആളിക്കത്തുന്ന പുൽപ്പള്ളി പഞ്ചായത്തിൽ ഞായറാഴ്ച വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 9 നും 9.30 നും ഇടയിൽ കുറുവദ്വീപിലേക്കുള്ള വഴിയിൽ ചെറിയ മല ജംക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ചർ പോളിനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്. പോളിന്‍റെ മൃതദേഹവുമായി നാട്ടുകാർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി മാറിയിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നുവെന്ന് അധികൃതർ ഉറപ്പു നൽകിയതിനെത്തുടർന്നാണ് മൃതദേഹം വീട്ടിലേക്കു കൊണ്ടു പോയത്. വീട്ടിൽ പൊതു ദർശനത്തിനു ശേഷം പള്ളിയിലേക്ക് സംസ്കാരത്തിനായി കൊണ്ടു പോയി. അതേ സമയം ഗവർണർഡ ആരിഫ് മുഹമ്മദ് ഖാന്‍റെ വയനാട് സന്ദർശനം ജില്ലാ ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരം മാറ്റി വച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *