സുനിത വില്യംസിനെ ഇന്ത്യയിലേയ്‌ക്ക് സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി

ന്യൂഡൽഹി: സുനിത വില്യംസിനെ ഇന്ത്യ സന്ദർശിക്കാൻ സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ (മാർച്ച് 19) പുലർച്ചെ സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പത് മാസം നിന്നതിന് ശേഷമാണ് തിരികെയെത്തുന്നത്. മുൻ നാസ ബഹിരാകാശ സഞ്ചാരി മൈക്ക് മാസിമിനോയ്‌ക്ക് നരേന്ദ്ര മോദി മാർച്ച് ഒന്നിന് അയച്ച കത്ത് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് സമൂഹമാധ്യമമായ എക്‌സിലൂടെ പുറത്തുവിടുകയായിരുന്നു.
1965 സെപ്റ്റംബർ 19ന് ഒഹായോയിലെ യൂക്ലിഡിൽ ദീപക്കിൻ്റെയും ബോണി പാണ്ഡ്യയുടെയും മകളായി ജനിച്ച സുനിത വില്യംസിൻ്റെ വേരുകൾ ഇന്ത്യയിലെ ഗുജറാത്തിലെ ഝുലാസൻ ഗ്രാമത്തിലാണ്. ഗുജറാത്ത് സ്വദേശിയായ അച്ഛൻ ദീപക് പാണ്ഡ്യ 1957ൽ അമേരിക്കയിലേക്ക് കുടിയേറിയ ഒരു ന്യൂറോ സയൻ്റിസ്റ്റായിരുന്നു.
1972, 2007, 2013 എന്നീ വർഷങ്ങളിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് ശേഷം സുനിത വില്യംസ് മൂന്ന് തവണ ഝുലാസൻ സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ ഒരു സ്‌കൂളിന് ധനസഹായം നൽകിയിരുന്നു. ഏഴായിരത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്ന ഝുലാസൻ എന്ന ചെറിയ ഗ്രാമം സുനിതയുടെ നേട്ടത്തിൽ അഭിമാനിക്കുന്നുണ്ട്. സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്താനായി ഈ ഗ്രാമത്തിലുള്ളവർ പ്രാർഥിക്കുകയും ചെയ്യുന്നുണ്ട്.
മോദി അയച്ച കത്തിൽ ഇന്ത്യയിലെ ജനങ്ങൾ എത്രമാത്രം സുനിതയെ സ്‌നേഹിക്കുന്നുവെന്ന് അദ്ദേഹം പ്രകടമാക്കുന്നുണ്ട്. ‘നിങ്ങൾ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും നിങ്ങൾ ഞങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുകയാണ്. ഇന്ത്യയിലെ ജനങ്ങൾ നിങ്ങളുടെ ആരോഗ്യത്തിനും ദൗത്യത്തിൻ്റെ വിജയത്തിനും വേണ്ടി പ്രാർഥിക്കുന്നു’. മോദി മാസിമിനോയ്‌ക്ക് അയച്ച കത്തിൽ പറഞ്ഞു.
നിങ്ങൾ മടങ്ങിവന്നതിനുശേഷം ഇന്ത്യയിലെ ജനങ്ങൾ നിങ്ങളെ കാണാൻ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച പുത്രിമാരിൽ ഒരാളെ ആതിഥേയരാക്കുന്നത് സന്തോഷകരമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
2016ലെ യുഎസ് സന്ദർശന വേളയിൽ വില്യംസിനെയും പിതാവ് ദീപക് പാണ്ഡ്യയെയും കണ്ടത് നരേന്ദ്ര മോദി അനുസ്‌മരിച്ചു. ന്യൂഡൽഹിയിലെ ഒരു പരിപാടിയിൽ വച്ച് താൻ മാസിമിനോയെ കണ്ടിരുന്നുവെന്നും സംഭാഷണത്തിനിടെ സുനിതയെ കുറിച്ച് പരാമര്‍ശിച്ചതായും അദ്ദേഹം പറഞ്ഞു.
‘തങ്ങളുടെ സംഭാഷണത്തിനിടയിൽ സുനിത വില്യംസിൻ്റെ പേര് ഉയർന്നുവന്നു. നിങ്ങളെയും നിങ്ങളുടെ ജോലിയെയും കുറിച്ച് ഞങ്ങൾ എത്രമാത്രം അഭിമാനിക്കുന്നുവെന്ന് ചർച്ച ചെയ്‌തിരുന്നു. ഈ ആശയവിനിമയത്തിന് ശേഷമാണ് നിങ്ങൾക്ക് കത്തെഴുതാമെന്ന് തീരുമാനിക്കുന്നത്’. മോദി പറഞ്ഞു.
യുഎസ് സന്ദർശനത്തിനിടെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെയും മുൻഗാമിയായ ജോ ബൈഡനെയും കണ്ടപ്പോൾ സുനിത വില്യംസിൻ്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സുനിത വില്യംസിൻ്റെ നേട്ടങ്ങളിൽ 1.4 ബില്യൺ ഇന്ത്യക്കാർ എന്നും അഭിമാനം കൊള്ളുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്തുണ്ടായ സംഭവവികാസങ്ങൾ നിങ്ങളുടെ ധൈര്യവും സ്ഥിരോത്സാഹവും വീണ്ടും പ്രദർശിപ്പിച്ചിരിക്കുന്നുവെന്ന് മോദി പറഞ്ഞു. സുനിത വില്യംസിൻ്റെ ഭർത്താവ് മൈക്കൽ വില്യംസിനും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു.