പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി ചര്‍ച്ച ചെയ്യാതെ ഒപ്പിട്ടെന്നും, അതില്‍ വീഴ്ചയുണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മന്ത്രിസഭ പൂര്‍ണമായ അര്‍ത്ഥത്തിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്തിട്ടില്ല. അതു സത്യമാണ്. അതു വീഴ്ചയാണെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പിഎം ശ്രീ പദ്ധതിയെപ്പറ്റി പൂര്‍ണമായ അര്‍ത്ഥത്തില്‍ പരിശോധിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ സബ് കമ്മിറ്റിയെ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പദ്ധതി ഒപ്പിടുന്നതിനു മുമ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തില്ലെന്നാണ് കേള്‍ക്കുന്നതെന്ന ചോദ്യത്തിന്, അതിന് ഇപ്പോള്‍ ഉത്തരം പറയുന്നില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിന് കത്തയക്കുന്ന കാര്യങ്ങളില്‍ മന്ത്രിസഭ തീരുമാനമെടുത്ത് പറയട്ടെയെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിനായി സിപിഎം എല്ലാ രീതിയിലും ഒരുക്കങ്ങള്‍ പൂര്‍ട്ടിയായിട്ടുണ്ട്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ മഹാഭൂരിപക്ഷം വരുന്ന തദ്ദേശസ്ഥാപനങ്ങളിലും വിജയിക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
