സി–295 വിമാനങ്ങളുടെ നിർമാണശാല ഉദ്ഘാടനം ചെയ്ത് മോദിയും സാഞ്ചസും ; 21,935 കോടി ചെലവ്
വഡോദര∙ ഗുജറാത്തിലെ വഡോദരയിൽ സി–295 വിമാനങ്ങളുടെ നിർമാണശാലയായ ടാറ്റ എയർക്രാഫ്റ്റ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യ സ്വകാര്യ അസംബ്ലിലൈൻ (എഫ്എഎൽ) നിർമാണശാലയാണിത്.
ആകെ 56 വിമാനങ്ങളാണ് സി–295 പദ്ധതിക്കു കീഴിൽ നിർമിക്കുക. ഇതിൽ 40 എണ്ണം വഡോദരയിലെ യൂണിറ്റിലും 16 എണ്ണം സ്പെയിനിലെ എയർ ബസ് കമ്പനിയിലുമാണ് നിർമിക്കുന്നത്. 2021ലാണ് പ്രതിരോധ മന്ത്രാലയവും സ്പെയിനിലെ എയർ ബസ് ഡിഫൻസ് ആൻഡ് സ്പെയ്സ് എസ്എയും തമ്മിൽ 56 വിമാനങ്ങൾക്കുള്ള കരാറൊപ്പിട്ടത്. 21,935 കോടി രൂപയാണ് പദ്ധതിച്ചെലവ്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായാണ് എയർബസ് സ്പെയിൻ സഹകരിക്കുക.
ഭാവിയിൽ വഡോദരയിൽനിന്ന് വിമാനങ്ങൾ കയറ്റുമതി ചെയ്യുമെന്ന് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ടാറ്റ–എയർബസ് സമുച്ചയം ഇന്ത്യ–സ്പെയിൻ ബന്ധത്തെ ശക്തിപ്പെടുത്തും. മേയ്ക് ഇൻ ഇന്ത്യയെ മേയ്ക് ഇൻ വേൾഡ് മിഷനാക്കി മാറ്റും. പദ്ധതിക്കു പിന്നിലെ ബുദ്ധികേന്ദ്രമായിരുന്ന ടാറ്റ ഗ്രൂപ്പിന്റെ അന്തരിച്ച ചെയർമാൻ രത്തൻ ടാറ്റയെ പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹം ഇന്നുണ്ടാവണമായിരുന്നെന്നും അദ്ദേഹത്തിന്റെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യൻ വ്യോമസേനയുടെ അവ്റോ–748 വിമാനങ്ങൾക്കു പകരമായി രൂപകൽപന ചെയ്തിട്ടുള്ളതാണ് സി–295 വിമാനം. 5 മുതൽ 10 ടൺ വരെ ശേഷിയുള്ള ഈ വിമാനത്തിന് 71 സൈനികരെയോ 50 അർധസൈനികരെയോ വഹിക്കാനാകും. ദുഷ്കരമായ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും പറക്കാനാകുന്ന വിമാനത്തെ പകലും രാത്രിയും ഒരുപോലെ സൈന്യത്തിന് ഉപയോഗിക്കാം