പ്രധാനമന്ത്രി മോദി ഡൽഹിയിൽ അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി, ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
ന്യൂഡൽഹി ∙ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ ആദ്യമായി ദ്വിദിന സന്ദർശനത്തിന് എത്തിയതായിരുന്നു ഷെയ്ഖ് ഖാലിദ്. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കാൻ ഇരുവരും തമ്മിലുള്ള ചർച്ചയിൽ ധാരണയായി.
ഔദ്യോഗിക സന്ദർശനത്തിനായി ഡൽഹിയിലെത്തിയ ഷെയ്ഖ് ഖാലിദിനെ ഹൈദരാബാദ് ഹൗസിലാണു മോദി സ്വീകരിച്ചത്. കഴിഞ്ഞ ദിവസമെത്തിയ ഷെയ്ഖ് ഖാലിദിനെ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വിമാനത്താവളത്തിലെത്തി സ്വാഗതം ചെയ്തിരുന്നു. ഉറ്റസുഹൃത്തിന് ഊഷ്മള സ്വാഗതം എന്നാണു ഷെയ്ഖ് ഖാലിദ്–മോദി കൂടിക്കാഴ്ചയെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഷെയ്ഖ് ഖാലിദ് രാജ്ഘട്ടിൽ ആദരമർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചശേഷം, നാളെ നടക്കുന്ന പരിപാടികൾക്കായി മുംബൈയിലേക്കു പോകും. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ഷെയ്ഖ് ഖാലിദിനെ അനുഗമിക്കുന്നുണ്ട്. ഫെബ്രുവരിയിൽ മോദി യുഎഇ സന്ദർശിച്ചിരുന്നു. അബുദാബിയിൽ ആദ്യ ഹിന്ദുക്ഷേത്രം ഈ സന്ദർശനത്തിലാണു മോദി ഉദ്ഘാടനം ചെയ്തത്.