യുഎഇ സന്ദർശനം; പ്രധാനമന്ത്രി അബുദാബിയിലെത്തി
അബുദാബി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി. പ്രധാനമന്ത്രി വൈകിട്ട് നാല് മണിക്ക് സായിദ് സ്‌പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ‘അഹ്‌ലൻ മോദി’ സമ്മേളനത്തിൽ പങ്കെടുക്കും. നാളെ അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് മന്ദിറിന്റെ സമർപ്പണ ചടങ്ങിലും പങ്കെടുക്കും.
അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുമായി ചർച്ചകൾ നടത്തും. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതും സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും ചർച്ചയാകും. 14ന് ദുബൈ മദീനത് ജുമൈറയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ നരേന്ദ്രമോദി മുഖ്യപ്രഭാഷണം നടത്തും. നാളെ വൈകുന്നേരമാണ് ബാപ്‌സ് മന്ദിറിന്റെ സമർപ്പണചടങ്ങ്.