പ്രധാനമന്ത്രിയുടെ ചടങ്ങിൽ ഇത്തവണയും ഗഡ്‌കരി വന്നില്ല!
നാഗ്പൂർ: വിദർഭയിൽ പ്രധാനമന്ത്രി യുടെ പൊതുപരിപാടികളിൽ നിന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി വിട്ടുനിന്നത് വീണ്ടും ചർച്ചയാകുന്നു . വാഷിം ജില്ലയിലെ പൊഹരാദേവിയിലെ ജഗദംബ മാതാ ക്ഷേത്രത്തിൽ ശനിയാഴ്ച മോദി സന്ദർശനം നടത്തി. പൊഹറാദേവിയിലെ സന്ത് സേവലാൽ മഹാരാജിൻ്റെയും സന്ത് റാംറാവു മഹാരാജിൻ്റെയും സമാധികളിൽ മോദി ആദരാഞ്ജലികൾ അർപ്പിച്ചു.
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവരുൾപ്പെടെ മുതിർന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാക്കളും ശനിയാഴ്ച പൊഹരാദേവിയിൽ ഉണ്ടായിരുന്നപ്പോൾ ഗഡ്കരി മറ്റു പരിപാടികളിലായിരുന്നു . നാഗ്‌പൂരിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.
2014 മുതൽ നാഗ്‌പൂർ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗഡ്‌കരി വിദർഭയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ്. മുൻ ദേശീയ ബിജെപി അധ്യക്ഷൻ കൂടിയാണ് . കഴിഞ്ഞ മാസം വാർധയിൽ ഷിൻഡെയുടെയും ഫഡ്‌നാവിസിൻ്റെയും സാന്നിധ്യത്തിൽ ഒരു വനിതാ സ്റ്റാർട്ടപ്പ് പദ്ധതി പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌ത സന്ദർഭത്തിലും ഗഡ്‌കരിയുടെ അസാന്നിധ്യം സംശയങ്ങൾക്ക് ഇടവരുത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനിടെ സെപ്തംബർ 24 ന്നാഗ്‌പൂരിൽ നടന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ യോഗത്തിലും ഗഡ്‌കരി പങ്കെടുത്തില്ല.
നേരത്തെ മഹാരാഷ്ട്രയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തകർച്ച കണക്കിലെടുത്ത്, പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിനു സഹായിക്കാൻ ഗഡ് കരി യെ രംഗത്തിറക്കാൻ RSS ബിജെപിക്ക് നിർദ്ദേശം നൽകിയിട്ടും ഇവരിൽനിന്നെല്ലാം വിട്ടുനിൽക്കാനാണ് ഗഡ്‌കരി ശ്രമിച്ചിരുന്നത്.
ഫഡ്‌നാവിസ്, ഗഡ്കരി, സംസ്ഥാന തെരഞ്ഞെടുപ്പിൻ്റെ സംഘ് കോർഡിനേറ്റർ കൂടിയായ ആർഎസ്എസ് ജോയിൻ്റ് ജനറൽ സെക്രട്ടറി അതുൽ ലിമായെ എന്നിവരുമായി ചേർന്ന് നടപടികൾ ഏകോപിപ്പിക്കാനായിരുന്നു സംഘപരിവാർ അവരോട് പറഞ്ഞിരുന്നത്.