പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ അടിമുടി മാറ്റം
ന്യൂഡൽഹി: പ്ലസ് ടു പൊളിറ്റക്കൽ സയൻസ് പുസ്തകത്തിൽ മാറ്റങ്ങളുമായി എൻ.സി.ആർ.ടി. ആർട്ടിക്കിൾ 370 റദാക്കിയ നടപടി പാഠ ഭാഗങ്ങളിൽ ഉൾപ്പെടുത്തും. പുസ്തകത്തിലുണ്ടായിരുന്ന ‘ആസാദ് പാകിസ്ഥാൻ’ എന്ന പ്രയോഗം എടുത്ത് കളഞ്ഞു. പാകിസ്ഥാൻ അധിനിവേശ കശ്മീരിനെ പാകിസ്ഥാൻ വിശേഷിപ്പിക്കുന്നത് ആസാദ് പാകിസ്ഥാൻ എന്നാണെന്ന് വിവരിക്കുന്നതായിരുന്നു
നിലവിലുണ്ടായിരുന്ന വാക്യം. അതിന് പകരം പാക് അധിനിവേശ ജമ്മു കശ്മീർ എന്ന് വിളിക്കപ്പെടുന്ന പ്രദേശം നിലവിൽ പാകിസ്ഥാന്‍റെ കൈവശമാണെന്ന വാക്യമാണ് പുതുതായി ഉപയോഗിച്ചിരിക്കുന്നത്.
ഇന്ത്യ – ചൈന ബന്ധങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന പാഠഭാഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകാത്തതിന് കാരണം ചൈനയുടെ പ്രകോപനമാണെന്നാണ് പുതുതായി കൂട്ടി ചേർത്തിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷമാണ് ബന്ധം ശക്തമാകാത്തതിന് കാരണമെന്ന നിലവിലുണ്ടായിരുന്ന വാചകം എടുത്ത് കളഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അതിജീവനത്തെ സംബന്ധിച്ചുള്ള കാർട്ടൂണും നീക്കിയ എൻ.സി.ആർ.ടി 2014 ന് മുൻപുള്ള ഇന്ത്യയുടെ അവസ്ഥ മോശമായി ചിത്രീകരിക്കുന്നതെന്ന വിശദീകരണമാണ് നൽകിയത്.
അനന്ദ്പൂർ സാഹിബ് പ്രമേയത്തെക്കുറിച്ചുള്ള പാഠഭാഗങ്ങളിലെ ഖാലിസ്ഥാൻ പരാമർശവും നീക്കി. പുതിയ മാറ്റമനുസരിച്ച് അനന്ദ്പൂർ സാഹിബ് പ്രമേയം ഫെഡറലിസത്തെ ശക്തിപ്പെടുത്താൻ വേണ്ടിയുള്ളതാണെന്ന് മാത്രമാണ് ഉള്ളത്. അതോടൊപ്പമുണ്ടായിരുന്ന സ്വതന്ത്ര സിഖ് രാജ്യത്തെ അനുകൂലിച്ചുള്ള പ്രമേയമെന്ന് വ്യാഖ്യാനിക്കാമെന്ന വാക്യം എൻ. സി. ആർ. ടി നീക്കി.