പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് പ്രവേശനം നാളെ മുതല്‍

0
STUDENTS

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ (ട്രാന്‍സ്ഫര്‍ അലോട്‌മെന്റ്) അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്‌മെന്റ് നാളെ(25-07-2025) 10 മുതല്‍ പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് റിസള്‍ട്ട് ലിങ്കിലൂടെ പരിശോധിക്കാം.

നാളെ മുതല്‍ തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് അലോട്‌മെന്റ് പ്രവേശനത്തിനുള്ള സമയപരിധി. അലോട്‌മെന്റ് ലഭിച്ചവര്‍ നിലവില്‍ ചേര്‍ന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സമീപിക്കാം. അലോട്‌മെന്റ് ലെറ്ററിന്റെ പ്രിന്റ് സ്‌കൂളില്‍നിന്നു നല്‍കും. അതേ സ്‌കൂളില്‍ മറ്റൊരു വിഷയത്തില്‍ അലോട്‌മെന്റ് ലഭിച്ചവരുടെ പ്രവേശനം സ്‌കൂള്‍ അധികൃതര്‍ ക്രമപ്പെടുത്തും.

മറ്റൊരു സ്‌കൂളില്‍ അലോട്‌മെന്റ് ലഭിച്ചവര്‍ക്ക് ടി.സി., സ്വഭാവസര്‍ട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് സമര്‍പ്പിച്ച മറ്റുരേഖകള്‍ എന്നിവ സ്‌കൂള്‍ അധികൃതര്‍ മടക്കിനല്‍കണം. അതേവിഷയത്തില്‍ തന്നെയാണ് അലോട്‌മെന്റ് എങ്കില്‍ അധികഫീസ് നല്‍കേണ്ടതില്ല. മറ്റൊരു സ്‌കൂളില്‍ പുതിയ വിഷയത്തിലാണ് പ്രവേശനമെങ്കില്‍ ആ വിഷയത്തിന് അധികമായി വേണ്ടിവരുന്ന ഫീസ് നല്‍കണം.ആദ്യം ചേര്‍ന്ന സ്‌കൂളില്‍ അടച്ച കോഷന്‍ ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ നിര്‍ബന്ധമായും മടക്കിനല്‍കണമെന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രാന്‍സ്ഫര്‍ അലോട്‌മെന്റിനുശേഷം ബാക്കിവരുന്ന സീറ്റില്‍ 30-ന് മെറിറ്റ് അടിസ്ഥാനത്തില്‍ തത്സമയ പ്രവേശനം നടത്തും. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റിന്റെ വിശദാംശം 29-ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *