പ്ലസ് വൺ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാൾ അറസ്റ്റിൽ
കൊല്ലം: പ്ലസ് വൺ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാൾ അറസ്റ്റിൽ. മുക്കുന്നം സ്വദേശി അഫ്സൽ ജമാലാണ് അറസ്റ്റിലായത്. ചടയമംഗലം ഉപജില്ലാ കലോത്സവത്തിനിടെ ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഇയാൾ പ്ലസ് വൺ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഉപജില്ലാ കലോത്സവത്തിന് സ്കൂളിന് പുറമെ സമീപത്തെ പാരലൽ കോളേജുകളും കലോത്സവ വേദിയായിരുന്നു. പ്രാഥമിക ആവശ്യത്തിനായി പോയപ്പോൾ അഫ്സൽ ജമാൽ തന്നെ കടന്നു പിടിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി.
പ്രതിയിൽ നിന്നും കുതറിയോടിയ പെൺകുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു. പെൺകുട്ടിയുടെ രക്ഷകർത്താക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. പൊലീസ് നടത്തിയ തെരച്ചിലിൽ അഫ്സൽ ജമാൽ പിടിയിലാവുകയായിരുന്നു. പെൺകുട്ടിയോട് അഫ്സൽ നേരത്തെ പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും സമാനമായ രീതിയിൽ ശല്യപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു