പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി മുസ്ലീം ലീഗ് നേതാക്കൾ
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മലബാറിലെ സീറ്റ് ക്ഷാമം തീർക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടാണ് നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. സർക്കാരിന്‍റെ കണക്ക് ശരിയല്ലെന്ന് ചർച്ചയിൽ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയതായി നേതാക്കൾ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു.
പോളിടെക്നിക്, ഐടിഎ സീറ്റുകൾ ഉണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും സീറ്റ് കിട്ടാതെ കുട്ടികൾ വലയുകയാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പ്ലസ് വൺ പ്രവേശനത്തിനായി കാലങ്ങളായി മലബാറിൽ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മുസ്ലീം ലീഗ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്