വാദി പ്രതിയായി ! പൂവാട്ടുപറമ്പ് 40 ലക്ഷം രൂപയുടെ മോഷണ കേസിൽ ട്വിസ്‌റ്റ്

കോഴിക്കോട്: പൂവാട്ടുപറമ്പിൽ കാറിന്‍റെ ഗ്ലാസ് തകർത്ത് മോഷണം നടത്തി എന്ന പരാതിയിൽ പരാതിക്കാരൻ തന്നെ പ്രതിയായി. 40.25 ലക്ഷം രൂപ മോഷണം പോയി എന്നായിരുന്നു പരാതി. മോഷണം നടത്തിയതായി പരാതി നൽകിയ ആനക്കുഴിക്കര സ്വദേശി റഹീസിനെയും കൂട്ടാളിയെയും പൊലീസ് പിടികൂടി.
മെഡിക്കൽ കോളജ് പൊലീസും മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസിസ്‌റ്റന്‍റ് കമ്മിഷണർ എ ഉമേഷിന്‍റെ നേത്യത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടിയത്. പരാതിക്കാരൻ ആയ റഹീസ് കൂട്ടാളികളിൽ ഒരാളായ സാജിത്ത് എന്നിവരെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇനി കേസുമായി ബന്ധപ്പെട്ട് പണം കാറിൽ നിന്നും എടുത്ത് കൊണ്ടുപോയ ഒരാൾ കൂടി പിടിയിലാവാനുണ്ട്. ഇയാളെയും ഏതുനിമിഷവും കസ്‌റ്റഡിയിൽ എടുക്കും എന്നാണ് പൊലീസ് നൽകുന്ന വിവരം.കഴിഞ്ഞ ബുധനാഴ്‌ച വൈകുന്നേരം മൂന്ന് മണിക്കാണ് നാടിനെ ഞെട്ടിച്ച മോഷണം നടന്നത്. പൂവാട്ടുപറമ്പ് പാറയിൽ കെയർലാൻ്റ് ഹോസ്‌പിറ്റലിന് പിറകുവശത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട മാരുതി വാഗണർ കാറിന്‍റെ മുൻവശത്തെ ചില്ലുകൾ തകർത്താണ് പണം കവർച്ച നടത്തിയത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയതെന്ന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു.
ഈ സമയം പണം ചാക്കിൽ കെട്ടി കാറിൽ കൊണ്ടുവന്ന റഹീസ് റോഡിൽ മറ്റൊരാളെ കാത്തുനിൽക്കുകയായിരുന്നു എന്നാണ് പൊലീസിന് അന്ന് മൊഴി നൽകിയത്. തിരിച്ച് കാറിനടുത്ത് എത്തുമ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പിന്നീട് റഹീസ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. എന്നാൽ പരാതി ലഭിച്ച് പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ തന്നെ പൊലീസിന് റഹീസിൽ സംശയം ഉടലെടുത്തിരുന്നു.
അതിനുശേഷം റഹീസിന്‍റെ ഫോൺ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലൂടെയാണ് ഇപ്പോൾ വാദി തന്നെ പ്രതിയായത്. മുമ്പ് ലോറിയിൽ ഡ്രൈവറായും പിന്നീട് വണ്ടി കച്ചവടമായും നടന്നിരുന്ന റഹീസിന് ഇപ്പോൾ ജോലിയൊന്നും ഇല്ലെന്നാണ് വീട്ടുകാരും അയൽവാസികളും പറയുന്നത്. നഷ്‌ടപ്പെട്ട പണം ഭാര്യയുടെ പിതാവ് ജോലി ചെയ്യുന്ന മുതലാളിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറി വിറ്റ പണം ആണെന്നാണ് റഹീസിന്‍റെ ഉമ്മ മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നത്. ഈ പണം റഹീസിന്‍റെ ഭാര്യ പിതാവ് റഹീസിനെ സൂക്ഷിക്കാൻ ഏൽപ്പിച്ചതായിരുന്നു. ഈ പണമാണ് കാറിൻ്റെ ഗ്ലാസ് തകർത്ത് മോഷണം നടത്തിയത്.
എന്നാൽ പരാതി ലഭിച്ച ഉടൻതന്നെ പണത്തിന്‍റെ ഉറവിടവും സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.
ഇതിലും വ്യക്തത വരാതായതോടെയാണ് പൊലീസ് റഹീസിലേക്ക് തന്നെ അന്വേഷണം നീട്ടിയത്. ഏതായാലും നാടിനെ നടുക്കിയ വലിയ കൊള്ള നടന്നുവെന്ന് കരുതിയ സ്ഥാനത്ത് പരാതിക്കാരൻ തന്നെ പ്രതിയായി പൊലീസിന്‍റെ പിടിയിലായി.