ഡൽഹിയിൽ മുഗൾ ചക്രവർത്തിമാരുടെ പേരിലുള്ള ബോർഡുകൾക്ക് മുകളിൽ ഛത്രപതി ശിവജിയുടെ ചിത്രം

ന്യുഡൽഹി: ഡൽഹിയിൽ സൂചന ബോർഡുകൾ നശിപ്പിച്ച നിലയിൽ. മുഗൾ ചക്രവർത്തിമാരുടെ പേരിലുള്ള പാതകളിലെ സൈൻബോർഡുകൾ വെള്ളിയാഴ്ച രാത്രിയാണ് ചില യുവാക്കൾ നശിപ്പിച്ചതായി കണ്ടെത്തിയത്. ഹുമയൂൺ റോഡിലെയും അക്ബർ റോഡിലെയും സൂചന ബോർഡുകളാണ് നശിപ്പിച്ചത്. ബോർഡിൽ ഛത്രപതി ശിവജിയുടെ ചിത്രം ഒട്ടിച്ചു.
ഹുമയൂൺ റോഡിലെ സൂചന ബോർഡിൽ കറുത്ത പെയിൻറ് അടിച്ചു. പിന്നാലെ ബോർഡ് വൃത്തിയാക്കി. ഒരു കൂട്ടം യുവാക്കൾ സൈൻബോർഡുകൾ നശിപ്പിക്കുകയും കറുത്ത പെയിന്റ് തളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. വിവരം ലഭിച്ചയുടനെ അധികാരികൾ നടപടി സ്വീകരിച്ചു. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, വിക്കി കൗശൽ നായകനായ ‘ഛാവ’ എന്ന ചിത്രത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഛത്രപതി ശിവാജി മഹാരാജിന്റെ മകൻ ഛത്രപതി സംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ആനുകാലിക ചിത്രമാണിത്.