ഫോട്ടോ ഫിനിഷിൽ അടൂർ‌ പ്രകാശ് വിജയിച്ചു

0
ADOOR PRAKASH

ആറ്റിങ്ങല്‍:  യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് വിജയിച്ചു. കേരളത്തിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് ഇത്തവണ ആറ്റിങ്ങല്‍ മണ്ഡലം സാക്ഷിയായത്. 1708 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെ അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്. എല്‍.ഡി.എഫിന്റെ വി. ജോയ് ഉയര്‍ത്തിയ കടുത്ത പോരാട്ടത്തിനൊടുവില്‍ ഫോട്ടോഫിനിഷിലായിരുന്നു അടൂര്‍ പ്രകാശിന്റെ വിജയം.

ആറ്റിങ്ങല്‍ മണ്ഡലം രൂപംകൊണ്ടതിനുശേഷം നടന്ന ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും വിജയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സമ്പത്തിന് ഒപ്പമായിരുന്നു. 2019 ല്‍ മണ്ഡലം യുഡിഎഫിന് നേടികൊടുത്ത ആത്മവിശ്വാസവുമായാണ് അടൂര്‍ പ്രകാശ് ഇത്തവണ ആറ്റിങ്ങലില്‍ മത്സരത്തിനിറങ്ങിയത്. 2019ൽ സിപിഐഎം സ്ഥാനാ‍ർത്ഥി എ സമ്പത്തിനെ പരാജയപ്പെടുത്തി 3,80,995 വോട്ടുകളോടെയാണ് അടൂ‍ർ പ്രകാശ് വിജയിച്ചത്. 38,247 ഭൂരിപക്ഷമായിരുന്നു നേടിയത്.

മറ്റെങ്ങും കാണാത്തവിധം കടുപ്പമേറിയ ത്രികോണ മത്സരമായിരുന്നു ആറ്റിങ്ങലില്‍. രാവിലെ ഒമ്പതു മണിയോടുകൂടി പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്ന് ആദ്യ ഫലസൂചനകള്‍ വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ അടൂര്‍ പ്രകാശായിരുന്നു മുന്നില്‍. പിന്നാലെ വന്ന ഫലസൂചനകളില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി. ജോയ് നേരിയ ലീഡ് നേടിയിരുന്നു.

10 മണി കഴിഞ്ഞതോടെ അടൂര്‍ പ്രകാശ് 2142 വോട്ടിന്റെ ലീഡ് നേടി. ഏറിയും കുറഞ്ഞും അദ്ദേഹത്തിന്റെ ലീഡ് മാറിമറിഞ്ഞ് ഒടുവില്‍ 11 മണിയോടുകൂടി അടൂര്‍ പ്രകാശ് 2885 വോട്ടിന്റെ ലീെടുത്തു. 20 മിനിറ്റിനുള്ളില്‍ ജോയ് ലീഡ് തിരികെപ്പിടിച്ചു. വീണ്ടും മാറിമറിഞ്ഞ ലീഡിനൊടുവില്‍ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ വി. ജോയ് തന്റെ ലീഡ് 4317 ആയി ഉയര്‍ത്തിയതോടെ എല്‍.ഡി.എഫ്. കേന്ദ്രങ്ങളില്‍ ആഹ്ലാദം അണപൊട്ടി.

ഒരു മണിക്കൂറിന് ശേഷം അദ്ദേഹം ലീഡ് 5526 ആയി ഉയര്‍ത്തിയതോടെ ഇത്തവണ എല്‍.ഡി.എഫ്. രണ്ടു സീറ്റുകളിലേക്കെന്ന സ്ഥിതിയായി. എന്നാല്‍ അവസാന 50,000 വോട്ടുകള്‍ എണ്ണിത്തീര്‍ന്നതോടെ അടൂര്‍ പ്രകാശ് വീണ്ടും നേരിയ ലീഡ് സ്വന്തമാക്കുകയായിരുന്നു. ഒടുവില്‍ അഞ്ചു മണിയോടെ ഫലം പുറത്തുവന്നപ്പോള്‍ അടൂര്‍ പ്രകാശിന് വിജയം.

ഏതൊക്കെ സീറ്റ് പോയാലും ആറ്റിങ്ങല്‍ കിട്ടും എന്ന സിപിഎമ്മിന്റെ വിശ്വാസം തകര്‍ത്താണ് കഴിഞ്ഞ തവണ അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ പിടിച്ചത്. മണ്ഡലം തിരിച്ചു പിടിക്കാന്‍ ഉറച്ചാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെത്തന്നെ പാര്‍ട്ടി കളത്തിലിറക്കിയത്. കേന്ദ്രമന്ത്രി വി.മുരളീധരന്‍ കൂടി എത്തിയതോടെ ശക്തമായ മത്സരം ഫോട്ടോ ഫിനിഷിലേക്കു നീങ്ങുകയായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *