ഫോൺ ചോർത്തി, മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: പി.വി.അൻവറിനെതിരെ കേസെടുത്ത് പൊലീസ്
മലപ്പുറം∙ പി.വി.അൻവർ എംഎൽഎയുടെ വീടിന് സുരക്ഷയൊരുക്കി പൊലീസ്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒതായിലെ വീടിന് പുറത്ത് എടവണ്ണ പൊലീസ് പിക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അൻവർ, ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 24 മണിക്കൂറും പൊലീസ് പിക്കറ്റ് ഒതായിലെ വീടിന് പുറത്ത് വേണമെന്നും ജില്ലാ പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്. എടവണ്ണ പൊലീസ് സ്റ്റേഷനിലെ ഒരു എസ്ഐയെയും മൂന്നു സിവിൽ പൊലീസ് ഓഫിസർമാരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. നേരത്തെ നൽകിയ ഗൺമാൻ സുരക്ഷയ്ക്ക് പുറമെയാണ് പൊലീസിന്റെ അധിക സുരക്ഷ.
പി.വി അൻവർ നടത്താനിരിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകിട്ട് നിലമ്പൂർ ചന്തമുക്കിൽ നടക്കും. എല്ലാ ആക്ഷേപങ്ങൾക്കുമുള്ള മറുപടി ഈ യോഗത്തില്‍ പറയുമെന്നാണ് പി.വി അൻവർ അറിയിച്ചിരിക്കുന്നത്.
അതിനിടെ, പി.വി.അൻവറിന് പിന്തുണ പ്രഖ്യാപിച്ച് നിലമ്പൂരിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒതായിലെ അൻവറിന്റെ വീടിന് മുന്നിലും ചുള്ളിയോടുമാണ് ഫ്ലക്സ് ബോർഡുകൾ. ചുള്ളിയോട് പ്രവാസി സഖാക്കളുടെ പേരിലാണ് ഫ്ലക്സ്. ‘വിപ്ലവ സൂര്യൻ’, ‘കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല’ എന്നീ തലക്കെട്ടുകളോട് കൂടിയാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. അതിനിടെ അൻവറിനെ പരസ്യപിന്തുണ പ്രഖ്യാപിച്ച് സിപിഎം മുൻ ലോക്കൽ സെക്രട്ടറി രംഗത്തെത്തി. ഇ.എ.സുകുവാണ് അൻവറിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ചന്തമുക്കിൽ നടക്കുന്ന യോഗത്തിൽ അൻവറിനെ പിന്തുണച്ച് ആയിരത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് സൂചന.