ഫോണിൽ “ആരാണ് വിളിക്കുന്നത്” എന്ന് ആശയകുഴപ്പം ഇനി വേണ്ട.

0
phone

തിരുവനന്തപുരം : ഇനി അജ്ഞാത നമ്പറുകളിൽ നിന്ന് ഫോൺ വിളി വരുമ്പോൾ “ആരാണ് വിളിക്കുന്നത്” എന്ന് ആശയകുഴപ്പം വേണ്ട. ഫോണിൽ വിളിക്കുന്നയാളുടെ പേര് നേരിട്ട് സ്ക്രീനിൽ കാണിക്കുന്ന പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ കേന്ദ്ര സർക്കാർ മൊബൈൽ സേവനദാതാക്കൾക്ക് നിർദേശം നൽകി. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികോം (DOT) നൽകിയ ഉത്തരവനുസരിച്ച്, ഒരാഴ്ചയ്ക്കുള്ളിൽ ഏതെങ്കിലും ടെലികോം സർക്കിളിൽ പരീക്ഷണം ആരംഭിക്കണം. “കോളിങ് നെയിം പ്രസന്റേഷൻ (CNP)” എന്ന് പേരിട്ടിരിക്കുന്ന ഈ പരിഷ്‌കരണം മൊബൈൽ തട്ടിപ്പുകൾ കുറയ്ക്കാനും കോളറിന്റെ യഥാർത്ഥ തിരിച്ചറിയൽ ഉറപ്പാക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.പരീക്ഷണം 60 ദിവസം നീളും.

സിം കാർഡ് എടുത്ത സമയത്ത് ഉപഭോക്താവ് കസ്റ്റമർ ആപ്ലിക്കേഷൻ ഫോമിൽ (CAF) നൽകിയിരുന്ന പേരാണ് ഫോണിൽ തെളിയിക്കുക. തുടക്കത്തിൽ ഈ സൗകര്യം 4ജി, 5ജി തുടങ്ങിയ പുതിയ നെറ്റ്‌വർക്ക് ഉപയോക്താക്കൾക്കായിരിക്കും ലഭ്യമാകുക. ടെക്നിക്കൽ ബുദ്ധിമുട്ടുകൾ മൂലം ആദ്യഘട്ടത്തിൽ 2ജി ഉപയോക്താക്കളെ ഒഴിവാക്കിയിട്ടുണ്ട്. പിന്നീട് അവർക്കും ഈ സേവനം ലഭ്യമാക്കാനാണ് പദ്ധതിയെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കി

ഫോണിൽ കാണുന്ന പേര് ഇതുവരെ ഉപയോക്താവിന്റെ കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്ത പേരോ ട്രൂകോളർ പോലുള്ള മൂന്നാം കക്ഷി ആപ്പുകളിൽ നിന്നുള്ള വിവരങ്ങളോ ആയിരുന്നു. ഇതിന് 100 ശതമാനം ആധികാരികതയില്ലെന്ന വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.പരീക്ഷണ ഘട്ടത്തിൽ സേവനദാതാക്കൾ എല്ലാ ആഴ്ചയും മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണം. വിദഗ്ധ സമിതി ഈ റിപ്പോർട്ടുകൾ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കും. ദേശീയതലത്തിൽ സംവിധാനം പൂർണമായി നടപ്പിലാക്കാനുള്ള മുന്നൊരുക്കമാണ് ഈ പരീക്ഷണഘട്ടമെന്ന് മന്ത്രാലയം വ്യക്തമാക്കി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *