പെട്രോൾ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ അറസ്റ്റിൽ
കൊല്ലം : വാക്ക്തർക്കത്തെ തുടർന്ന് ഉണ്ടായ വിരോധത്താൽ കിളികൊല്ലൂർ പറങ്കിമാംവിളയിൽ വീടുകൾക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാപ്പാ പ്രതി ഉൾപ്പടെ നാല് പേർ കിളികൊല്ലൂർ പോലീസിന്റെ പിടിയിലായി. കിളികൊല്ലൂർ വില്ലേജിൽ കല്ലുംതാഴം, കാട്ടുംപുറത്ത് വീട്ടിൽ റഷീദ് മകൻ നിഷാദ് @ പൊടി നിഷാദ് (38), കിളികൊല്ലൂർ വില്ലേജിൽ കല്ലുംതാഴം ശാന്തിഭവനത്തിൽ എള്ളുവിളയിൽ വീട്ടിൽ ശിവപ്രസാദ് മകൻ പ്രശാന്ത്(29), കൊറ്റങ്കര വില്ലേജിൽ കരിക്കോട് ചേരിയിൽ പുന്നേത്ത് വയൽ ഭാഗത്ത് ലക്ഷ്മി ഭവനത്തിൽ ബാബുരാജ് മകൻ അമൽ രാജ്(25) ഇയാളുടെ സഹോദരനായ അഖിൽ രാജ് (20) എന്നിവരാണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. പൊടി നിഷാദ് എന്ന നിഷാദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള ആളുമാണ്.
കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് അക്രമത്തിലേക്ക് നയിച്ചത്. സോഡാ കുപ്പികൾ ഉപയോഗിച്ച് പെട്രോൾ ബോംബുകൾ നിർമ്മിച്ച് വീടുകൾക്ക് നേരെ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് കൊല്ലം എ.സി.പി ഷെരീഫ് എസ് ന്റെ നിർദ്ദേശപ്രകാരം കിളികൊല്ലൂർ പോലീസ് ഇൻസ്‌പെക്ടർ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ശ്രീജിത്ത്, സൗരവ്, എ.എസ്.ഐ സൈജു, സി.പി.ഓ മാരായ ശ്യാം ശേഖർ, സുനേഷ്, അമ്പു, അഭിജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്
