എമ്പുരാനെതിരെ ഹര്‍ജി നല്‍കി; ബിജെപി ജില്ല കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി തൃശൂര്‍ ജില്ല കമ്മിറ്റി അംഗം വിജീഷിന് സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് വിജീഷിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എമ്പുരാന്‍ വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടി നിലപാട് കൃത്യമായി വിശദീകരിച്ചതാണെന്നും ആ നിലപാടിന് വിരുദ്ധമായ പ്രവൃത്തിയാണ് ജില്ലാ കമ്മിറ്റി അംഗത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.പാര്‍ട്ടി നിര്‍ദേശപ്രകാരമോ പാര്‍ട്ടിയുടെ അറിവോടെയോ പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് അനുസൃതമായോ അല്ല ഹര്‍ജി സമര്‍പ്പിച്ചതെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. എമ്പുരാന്‍ സെന്‍സര്‍ ചെയ്ത് ചില ഭാഗങ്ങള്‍ റീ എഡിറ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരെന്നും ബിജെപിക്ക് അസഹിഷ്ണുതയെന്നും വിമര്‍ശനം ഉയരുന്നതിനിടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജിയുമെത്തിയത്. ഹര്‍ജിയെ പാര്‍ട്ടി ഔദ്യോഗികമായി തള്ളിയിരുന്നു. സിനിമ ബഹിഷ്‌കരിക്കേണ്ടെന്നും സിനിമയെ സിനിമയായി കാണണമെന്നുമാണ് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചിരുന്നത്.