ബിഗ് ബോസ്സിനെതിരെ ഹൈ കോടതി; ഷോയുടെ ഉള്ളടക്കം പരിശോധിക്കും, നിയമലംഘനം തെളിഞ്ഞാൽ സംപ്രേഷണം നിര്‍ത്തിവയ്പ്പിക്കും

0

റിയാലിറ്റി ഷോ ബിഗ്ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും.കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിർദേശം നൽകിയത്. ചട്ട ലംഘനമുണ്ടെങ്കിൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദേശിക്കാമെന്നും കോടതി പറഞ്ഞു.എറണാകുളം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.

ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്റെ സംപ്രേഷണവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്. ഷോയില്‍ നിയമവിരുദ്ധതയുണ്ടെങ്കില്‍ നടപടിയെടുക്കും. ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.പരിപാടിയില്‍ ശാരീരിക ഉപദ്രവം അടക്കമുള്ള നിയമവിരുദ്ധതയുണ്ടോയെന്ന് പരിശോധിക്കും. ലംഘനം കണ്ടെത്തിയാല്‍ പരിപാടി നിര്‍ത്തിവയ്പ്പിക്കാമെന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖും, ജഎം എ അബ്ദുള്‍ ഹക്കിമും വ്യക്തമാക്കി.

1995ലെ ടെലിവിഷന്‍ നെറ്റ്വര്‍ക്കുകള്‍ (റെഗുലേഷന്‍) നിയമപ്രകാരം ഒരു വ്യക്തിയുടെ അന്തസിനെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പരിപാടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.ശാരീരിക പീഡനം ഇന്ത്യന്‍ ശിക്ഷാനിയമത്തിന് കീഴിലുള്ള കുറ്റകൃത്യമാണ്. 1995ലെ റെഗുലേഷന്‍ ആക്ടും 1952ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ് എന്നിവ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുടെ ലംഘനമാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയെന്നും ഹര്‍ജിയിൽ പറയുന്നു.

നിയമലംഘനമുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ പരിപാടി ഉടന്‍ നിര്‍ത്തലാക്കണമെന്നും, എല്ലാ സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും, ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ബിഗ് ബോസ് സീസണ്‍ ആറുമായി ബന്ധപ്പെട്ട വിഡിയോകളും നീക്കം ചെയ്തേക്കും. അടുത്തിടെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്‍ സിജോ ജോണ്‍ എന്ന മത്സരാര്‍ത്ഥിയെ സഹ മത്സരാര്‍ത്ഥിയായ റോക്കി ശാരീരികമായി ഉപദ്രവിച്ചിരുന്നു. പിന്നാലെ റോക്കിയെ ഷോയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

വിഷയം ഏറെ ഗൗരവകരമെന്ന് വ്യക്തമാക്കിയ കോടതി നിയമലംഘനം പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.അതേസമയം ക്വീര്‍ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചെന്നും ഷോയ്‌ക്കെതിരെ വിമര്‍ശനമുണ്ട്. സ്വവര്‍ഗാനുരാഗിയായ മത്സരാര്‍ത്ഥിയെ അപമാനിച്ചതിന്റെ പേരില്‍ ദിശ സംഘടന കേരള ബ്രോഡ്കാസ്റ്റ് കണ്ടന്റ് കംപ്ലയിന്റ്‌സ് കൗണ്‍സിലിന് (ബിസിസിസി) പരാതി നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *