പെസഹ അപ്പവും പാലും കൽത്തപ്പവും
അന്ത്യ അത്താഴത്തിൻറെ സ്മരണയാണ് പെസഹാ വ്യാഴാഴ്ച വീടുകളിലൊരുക്കുന്ന പെസഹാ വിരുന്ന്. അന്നേ ദിവസം കേരളത്തിലെ നസ്രാണികളുടെ ഇടയിൽ പെസഹ അപ്പം ഉണ്ടാക്കുന്ന പതിവുണ്ട്. ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് “പെസഹ പാലിൽ” മുക്കി ഏറ്റവും പ്രായം കൂടിയ വ്യക്തി മുതൽ താഴോട്ട് കുടുംബത്തിലെ എല്ലാവർക്കുമായി നൽകുന്നു.
പുളിക്കാത്ത മാവു കൊണ്ട് ഉണ്ടാക്കുന്ന അപ്പമായതിനാൽ ഇതിനു ‘പുളിയാത്തപ്പം’ എന്നും കുരുത്തോല കൊണ്ടുള്ള കുരിശടയാളം അപ്പത്തിന്മേൽ പതിപ്പിക്കുന്നത് കൊണ്ട് ‘കുരിശപ്പം’ എന്നും ഇതിനു പേരുണ്ട്. ഇതിന് ‘ഇണ്ടറി അപ്പം’ എന്നും പേരുണ്ട്. കുരിശിനുമുകളിൽ എഴുതുന്ന “INRI” യെ (മലയാളത്തിൽ “ഇൻറി”) അപ്പവുമായി കൂട്ടി വായിച്ചാണ് ഇതിന് ഇൻറി അപ്പമെന്നും കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും പേർ ഉണ്ടായതാണെന്ന് പറയപ്പെടുന്നു. എന്നാൽ ഇൻറി അപ്പം എന്ന പേരിലെ ‘ഇൻറി’ എന്നത് പഴന്തമിഴ് വാക്കാണെന്നു അഭിപ്രായമുണ്ട്. ഇൻറി എന്ന വാക്കിന്റെ അർത്ഥം ‘കൂടാതെ, ഇല്ലാതെ’ എന്നൊക്കെയാവുന്നു. പെസഹാ അപ്പം അഥവാ ഇൻറി അപ്പം പുളിപ്പില്ലാത്ത അപ്പം ആയതുകൊണ്ടാണ് ഇത് ഇൻറി അപ്പം ആയതത്രേ.
പെസഹാ അപ്പത്തിന്റെയും പാലിന്റെയും പാചകക്രമത്തിൽ പ്രാദേശികമായി ചില വ്യത്യാസങ്ങളും നിലവിലുണ്ട്. ചിലയിടങ്ങളിൽ “പാല് കുറുക്ക്” (പാലുർക്ക്) ഉണ്ടാക്കുകയും പെസഹയുടെ അന്ന് രാത്രിയിൽ കുറുക്കായി തന്നെ കഴിക്കുകയും ചെയ്യുന്നു. പാല് കുറുക്കിയത് പിറ്റേ ദിവസമാകുമ്പോൾ കട്ടയാകുകയും, ദുഖവെള്ളി ദിവസം കാലത്ത് കുർബ്ബാന കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ കുടുംബാംഗങ്ങൾ എല്ലാവരും ഒത്ത് ചേർന്ന് കൈപ്പുള്ള ഇലയും മറ്റോ കടിച്ച് കട്ടയായ അപ്പം കഴിക്കുന്നു.