പെരുമാറ്റ ചട്ടലംഘനം; മന്ത്രി മുഹമ്മദ് റിയാസിനെതിരായ പരാതിയിൽ നടപടി
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ നടപടി. അസിസ്റ്റന്‍റ് ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫിസർ വീഡിയോഗ്രാഫർ എന്നിവരെ പിരിച്ചുവിട്ടു. പരിപാടിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 2 പേർക്കെതിരേയാണ് നടപടി.
കോഴിക്കോട് നടത്തിയ പ്രസംഗത്തിനെതിരേയാണ് കോൺഗ്രസ് പരാതി നൽകിയത്. കോഴിക്കോട് മണ്ഡലം സ്ഥാനാർഥി എളമരം കരീമിന്‍റെ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിനെതിരേയായിരുന്നു പരാതി. മണ്ഡലത്തിലെ കായികമേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസംഗത്തിൽ കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര സ്റ്റേഡിയമാക്കി മാറ്റാൻ നിശ്ചയിച്ചതായി മന്ത്രി പ്രസംഗിച്ചിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് മന്ത്രിക്കെതിരേ പെരുമാറ്റചട്ട ലംഘനത്തിന് മുഹമ്മദ് റിയാസിനെതിരേ പരാതി നൽകിയത്. മന്ത്രി അബ്ദുറഹിമാന്‍ നേരത്തെ പറഞ്ഞ കാര്യം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നാണ് റിയാസ് പറയുന്നത്. പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കലക്ടർ സ്നേഹിൽ കുമാർ സിങ് മന്ത്രിക്ക് നോട്ടിസ് നൽകിയിരുന്നു.