മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ 20 അംഗങ്ങൾ, ഗണേഷ് കുമാറിന്റെ പ്രഖ്യാപനം നടപ്പിലായില്ല
തിരുവനന്തപുരം: ഔദ്യോഗിക വീട് ഉണ്ടാകില്ല, സ്റ്റാഫിനെ കുറക്കുമെന്നായിരുന്നു സത്യപ്രതിഞ്ജയ്ക്ക് മുന്‍പ് കെ ബി ഗണേഷ്കുമാർ പറഞ്ഞത്. എന്നാൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന മുൻ നിലപാട് മാറ്റി മന്ത്രി കെ ബി ഗണേഷ്കുമാർ. ഇരുപത് പേരെ സ്റ്റാഫിൽ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. തന്റെ ചെറിയ പാർട്ടിയായത് കൊണ്ട് അർഹരായ പാർട്ടി അനുഭാവികളെയാണ് നിയമിച്ചതെന്നും സ്റ്റാഫിന്‍റെ എണ്ണം കുറക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ഗണേഷ് കുമാർ വിശദീകരിച്ചു.
സിപിഎം നിശ്ചയിച്ച് നൽകിയ സ്റ്റാഫും കേരളകോൺഗ്രസ് ബി യുടെ നേതാക്കളും എത്തിയതോടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം ഇരുപതിലെത്തി. വീട് വേണ്ടന്ന് വെച്ചെങ്കിലും സ്റ്റാഫിന്‍റെ കാര്യത്തിൽ എടുത്ത തീരുമാനം മയപ്പെടുത്തി. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ അടക്കം ആറ് പേര്‍ സർക്കാർ ജീവനക്കാർ. കോടിയേരി ബാലകൃഷ്ണൻറെ സ്റ്റാഫിലുണ്ടായിരുന്ന എ.പി രാജീവനെയും ഉള്‍പ്പെടുത്തി. കൊല്ലത്ത് നിന്നുള്ള കേരള കോൺഗ്രസ്കരാണ് സ്റ്റാഫിലധികധികവും.
പരമാവധി 25 പേരെ വരെ മന്ത്രിമാരുടെ സ്റ്റാഫിൽ നിയമിക്കാമെന്നായിരുന്നു ഒന്നാം പിണറായി സർക്കാർ മുതലുള്ള എൽഡിഎഫ് എടുത്ത ധാരണ. ഈ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരുടെയും സ്റ്റാഫിൽ 25 പേരുണ്ട്.