‘അനുമതി നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്റേത്, പരാതിക്കാരനായ പ്രശാന്ത് ബെനാമി’
കണ്ണൂർ∙ പി.പി. ദിവ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. കണ്ണൂരിൽ അനുമതി നൽകിയ പെട്രോൾ പമ്പ് ദിവ്യയു ഭർത്താവിന്റേതാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു. പരാതിക്കാരനായ പ്രശാന്ത് ബെനാമിയാണ്. ചില സിപിഎം നേതാക്കൾക്കും പെട്രോൾ പമ്പിൽ പങ്കാളിത്തമുണ്ട്. ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.അതിനിടെ മരിച്ച നവീൻ ബാബുവിന്റെ സഹോദരൻ ദിവ്യക്കെതിരെ പൊലീസിൽ പരാതി നൽകി. കണ്ണൂർ സിറ്റി പൊലീസിലാണ് സഹോദരൻ പ്രവീൺ ബാബുവാണ് പരാതി നൽകിയത്. പി.പി. ദിവ്യയ്ക്കും ആരോപണം ഉന്നയിച്ച പ്രശാന്തിനും എതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
ദിവ്യ നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബുവിന്റെ പരാതിയിൽ ആവശ്യപ്പെടുന്നു.എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരന്റെ മരണത്തിലെ ദുരൂഹത നീങ്ങണമെന്ന് അഭിഭാഷകൻ കൂടിയായ പ്രവീൺ ബാബു പറഞ്ഞു. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.