പെരിയ ഇരട്ടക്കൊല: വിധി അൽപ്പസമയത്തിനകം …

0

ആറു വർഷത്തോളം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ രാഷ്ട്രീയ കേരളവും ജനതയും ഉറ്റു നോക്കുന്ന പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി ഇന്ന് വിധി പറയും.മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം കേസിൽ 24 പ്രതികളാണുള്ളത്.

കാസർകോട് : കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച കണ്ണൂർ പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന് . കൊച്ചി സിബിഐ കോടതിയാണ് കേസിൽ വിധി പറയുക2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ ശരത‌്‌ ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വിധി വരുന്ന പശ്ചാത്തലത്തിൽ പൊലീസ് വലിയ സുരക്ഷയാണ് കല്യോട്ട് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് റൂട്ട് മാർച്ച്‌ നടത്തിയിരുന്നു . കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുബം വിധി കേൾക്കാൻ കൊച്ചിയിൽ എത്തിയിട്ടുണ്ട് . കൃപേഷിനും ശരത് ലാലിനും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരുവരുടെയും കുടുംബവും കല്ല്യോട്ട് ഗ്രാമവും.
മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെവി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ മണികണ്‌ഠൻ, പെരിയ മുൻ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്‌ണൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

ഒന്നാം പ്രതി പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരൻ ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 10 പേരെ സിബിഐയുമാണ് അറസ്റ്റ് ചെയ്‌തത്. ആദ്യം ലോക്കൽ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത്‌ ലാലിന്‍റെയും കൃപേഷിന്‍റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം റദ്ദു ചെയ്‌തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു.ഇതിനെതിരായ അപ്പീലിൽ സിംഗിൾ ബെഞ്ചിന്‍റെ വിധി ശരിവച്ച ഡിവിഷൻ ബെഞ്ച് ക്രൈംബ്രാഞ്ച് കുറ്റപത്രം നിലനിർത്തി. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സർക്കാരിന്‍റെ ആവശ്യം തള്ളിയതോടെ സിബിഐ ഡിവൈഎസ്‌പി ടിപി അനന്തകൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.ആദ്യം അറസ്റ്റിലായ 14 പേരിൽ കെ മണികണ്‌ഠൻ, എൻ ബാലകൃഷ്‌ണൻ, ആലക്കോട് മണി എന്നിവർക്കു ജാമ്യം ലഭിച്ചിരുന്നു. ബാക്കി 11 പേർ ഇപ്പോഴും വിയ്യൂർ സെൻട്രൽ ജയിലിലാണ്. സിബിഐ അറസ്റ്റ് ചെയ്‌ത 10 പേരിൽ കെവി കുഞ്ഞിരാമനും രാഘവൻ വെളുത്തോളിയുമുൾപ്പെടെ 5 പേർക്കും ജാമ്യം ലഭിച്ചിരുന്നു.

സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി രാജേഷ് ഉൾപ്പെടെ ബാക്കിയുള്ള അഞ്ചുപേർ ഇപ്പോൾ കാക്കനാട് ജയിലിലാണ്. 2023 ഫെബ്രുവരിയിലാണു സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. വിചാരണ നടപടികൾ പൂർത്തീകരിച്ചു പ്രതികളെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്കു കടക്കുന്നതിനിടെ സിബിഐ കോടതി ജഡ്‌ജി കെ കമനീഷ് സ്ഥലം മാറി. തുടർന്നു വന്ന ജ‍ഡ്‌ജി ശേഷാദ്രിനാഥനാണു തുടർനടപടികൾ പൂർത്തിയാക്കി വിധി പറയുന്നത്.

പെരിയ ഇരട്ടക്കൊലപാത കേസ് നാൾവഴികൾ:

2019 ഫെബ്രുവരി 17 രാത്രി 7.45 : കല്യോട്ടെ പി വി കൃഷ്‌ണന്‍റെ മകൻ കൃപേഷ് (19-കിച്ചു), പി കെ സത്യനാരായണന്‍റെ മകൻ ശരത് ലാൽ എന്ന ജോഷി (23) എന്നിവരെ കല്യോട്ട് സ്‌കൂൾ-ഏച്ചിലടുക്കം റോഡിൽ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുന്നു.

ഫെബ്രുവരി 18 : സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ, സുഹൃത്തും സഹായിയുമായ സി ജെ സജി എന്നിവർ അറസ്റ്റിൽ. ഇതോടെ പീതാംബരനെ പാർട്ടി പുറത്താക്കി.

ഫെബ്രുവരി 21 : കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ഉയരുന്നു. എന്നാൽ സംസ്ഥാന സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നു. എസ് പി വി എം മുഹമ്മദ് റഫീക്കിന് അന്വേഷണ ചുമതല.

മാർച്ച് 2 : അന്വേഷണ സംഘത്തലവനായ എസ് പി വി എം മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചു. പിന്നാലെ സംഘത്തിലെ ഡിവൈഎസ്‌പിക്കും സിഐമാർക്കും മാറ്റം. പ്രതികൾ എന്ന് കണ്ടെത്തിയവർക്ക് പുറമേ മറ്റു പലരിലേക്കും അന്വേഷണം എത്തുന്നു എന്ന സൂചനകൾക്കിടയാണ് അഴിച്ചു പണി.

ഏപ്രിൽ 1 : അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ.

മെയ് 14 : സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്‌ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്‌ണൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു.

മെയ് 20 : ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നു. ആകെ 14 പ്രതികൾ, മുഴുവൻ പ്രതികൾക്കും സിപിഎമ്മുമായി അടുത്ത ബന്ധം.

സെപ്റ്റംബർ 30 : ഹൈക്കോടതി സിംഗിൾ ബഞ്ച് അന്വേഷണം സിബിഐക്ക് വിടുന്നു.

ഒക്ടോബർ 29 : സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷൻ ബെഞ്ചിന് സംസ്ഥാന സർക്കാർ അപ്പീൽ നൽകി. പിന്നീട് ഈ അപ്പീൽ തള്ളി.

നവംബർ 12 : സിബിഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. തടസ ഹർജിയുമായി യുവാക്കളുടെ മാതാപിതാക്കളും.

ഡിസംബർ 1 : സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. അന്വേഷണം സിബിഐ ഏറ്റെടുത്തു.

2021 ഡിസംബർ 3 : സിബിഐ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി.

2023 ഫെബ്രുവരി 2 : കൊച്ചി സിബിഐ കോടതിയിൽ കേസിൽ വിചാരണ തുടങ്ങി.

2024 ഡിസംബർ 23 : 28ന് കേസ് വീണ്ടും പരിഗണിക്കും എന്ന് കോടതി,

 

 

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *