പെരിയ ഇരട്ടക്കൊല -14 പ്രതികൾ കുറ്റക്കാർ , വിധി ജനുവരി 3 ന്

0

മുഴുവൻ പ്രതികൾക്കും ശിക്ഷ വിധിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് ശരത്‌ലാലിന്റെ പിതാവ്

എറണാകുളം :പെരിയ ഇരട്ടകൊലപാതക കേസിൽ മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി എറണാകുളം സിബിഐ കോടതി .10 പേരെ കോടതി വെറുതെവിട്ടു. ശിക്ഷാവിധി ജനുവരി 3 ന് പ്രഖ്യാപിക്കും.
പ്രതികൾക്കെതിരെയുള്ള കൊലക്കുറ്റം ,ഗൂഡാലോചന ,തെളിവുനശിപ്പിക്കൽ എന്നിവ തെളിഞ്ഞതായി കോടതി. ഒന്നുമുതൽ 8 വരെയുള്ള പ്രതികൾക്കെതിരെയുള്ള കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്.
എ. പീതാംബരൻ, സജി.പി. ജോർജ്ജ് ,കെ.അനിൽകുമാർ ,ജിജിൻ ,ആർ .ശ്രീരാഗ് ,എ .അശ്വിൻ, സുബീഷ് ,എ .മുരളി ,ടി.രഞ്ജിത്ത് ,കെ.മണികണ്ഠൻ , എ .സുരേന്ദ്രൻ ,രാഘവൻ വെളുത്തോളി , കെവി.ഭാസ്‌ക്കരൻ .കെവി കുഞ്ഞിരാമൻ എന്നിവരെയാണ് കുറ്റക്കാരെന്നു കോടതി കണ്ടെത്തിയിരിക്കുന്നത്.

പതിനഞ്ചാം പ്രതി താൻ നിരപരാധിയാണെന്നും തനിക്കു വധശിക്ഷ നൽകണം എന്നും പറഞ്ഞു കോടതിയിൽ പൊട്ടിക്കരഞ്ഞു.ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണം എന്നും ഇയാൾ കോടതിയോട് അഭ്യർത്ഥിച്ചു.

മുഴുവൻ പ്രതികൾക്കും ശിക്ഷ വിധിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് ശരത്‌ലാലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു .പത്തുപേരെ വെറുതെ വിട്ട വിധിയിൽ തൃപ്തയല്ല എന്ന് ശരത്‌ലാലിന്റെ അമ്മയും പറഞ്ഞു.

 

കേരള മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യം നടന്ന് ആറ് വർഷം പൂർത്തിയാകാനിരിക്കെയാണ് കേസിൽ വിധി പ്രസ്‌താവിച്ചത്. സമാനതകളില്ലാത്ത ക്രൂര കൊലപാതകത്തിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ ശരത‌്‌ ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതികൾ എല്ലാം സിപിഎംകാരാണ് .പലരും പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പദവി വഹിക്കുന്നവരുമാണ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *