പെരളശ്ശേരി AKGSGHS സ്കൂൾ , പുതിയ കെട്ടിടത്തിൻ്റെ ഉദ്‌ഘാടനം ഫെബ്രു:16 -ന്

കണ്ണൂർ: നവീകരിച്ച പെരളശ്ശേരി എ.കെ.ജി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 16 -ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആധുനിക സംവിധാനങ്ങളോടെ 20 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പഠിച്ച സ്‌കൂൾ കൂടിയാണിത്.
സ്‌കൂളിൻ്റെ ചിത്രം പങ്കുവെച്ച മുഖ്യമന്ത്രി സാമൂഹ്യമാധ്യമത്തിലൂടെ ഇങ്ങനെ പ്രതികരിച്ചു:
“കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല സമാനതകളില്ലാത്ത നേട്ടങ്ങളുമായി കുതിപ്പു തുടരുകയാണ്. കഴിഞ്ഞ എട്ടു വർഷങ്ങൾക്കിടയിൽ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ സ്വപ്നതുല്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ നമുക്കു സാധിച്ചു. പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വിദ്യാലയങ്ങളെ ആധുനികവൽക്കരിച്ചും പഠന സമ്പ്രദായങ്ങൾ നവീകരിച്ചുമാണ് കേരളം മുന്നോട്ടു പോകുന്നത്.
അശ്രദ്ധയും അവഗണനയും കാരണം തകർച്ച നേരിടുകയും വിദ്യാർത്ഥികളുടെ അഭാവത്തിൽ അടച്ചുപൂട്ടൽ ഭീഷണി നേരിടേണ്ടി വരികയും ചെയ്തിരുന്ന അവസ്ഥയിൽ നിന്നും ലോകശ്രദ്ധ നേടുന്ന മികവിന്റെ കേന്ദ്രങ്ങളാക്കി പൊതുവിദ്യാലയങ്ങളെ മാറ്റാൻ എൽഡിഎഫ് സർക്കാരിനു സാധിച്ചു.
വിദ്യാലയത്തിന്റെ ഈ നേട്ടം പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ വ്യക്തിപരമായ സന്തോഷം കൂടിയാണ്. എല്ലാവർക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടതുണ്ട്. അതു സാക്ഷാൽക്കരിക്കാനായി നിശ്ചയദാർഢ്യത്തോടെ സർക്കാർ മുന്നോട്ടു പോകും.”