ടൂറിസ്റ്റുകൾക്ക് നേരെ വാട്ടർഗണ്ണുമായി ജനങ്ങൾ; ബാഴ്‌സലോണയിൽ സംഭവിക്കുന്നതെന്ത്?

0

വിനോദസഞ്ചാരികളുടെ സ്വപ്ന നഗരങ്ങളിലൊന്നാണ് സ്പെയ്നിലെ കാറ്റലോണിയ പ്രവിശ്യയുടെ തലസ്ഥാനമായ ബാഴ്സലോണ. സമ്പന്നമായ സാംസ്‌കാരിക പൈതൃകവും നഗരജീവിതവും ഫുട്ബോള്‍ സംസ്‌കാരവും അതിമനോഹരമായ ബീച്ചുകളുമെല്ലാമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. എന്നാലിപ്പോള്‍ അമിത ടൂറിസത്തിനെതിരായ പ്രതിഷേധത്താല്‍ തിളച്ചുമറിയുകയാണ് ബാര്‍സലോണ. പതിനായിരക്കണക്കിന് പ്രദേശവാസികളാണ് ‘ടൂറിസ്റ്റുകള്‍ തിരിച്ചുപോകു’ എന്ന പ്ലക്കാര്‍ഡും ഉയര്‍ത്തി നഗര ഹൃദയത്തിലേക്ക് മാര്‍ച്ച് നടത്തിയത്. വിനോദസഞ്ചാരികള്‍ക്ക് നേരെവാട്ടര്‍ഗണ്ണുകള്‍ ഉപയോഗിച്ച് വെള്ളം തെറിപ്പിച്ചും ‘ബാര്‍സലോണ വില്‍പ്പനയ്ക്കില്ല’ എന്ന മുദ്രാവാക്യം മുഴക്കിയുമാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം 1.2 കോടി വിനോദസഞ്ചാരികളാണ് ബാഴ്‌സലോണയിലെത്തിയത്. 16 ലക്ഷം മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഇരുപതാമത്തെ നഗരമാണിത്. ലോകത്താകെയുള്ള ഫുട്ബോള്‍ ഭ്രാന്തന്മാരുടെയും പറുദീസ. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങളും ലോകപ്രശസ്ത കലാകാരന്മാരുടെ കലാസൃഷ്ടികളുള്ള മ്യൂസിയങ്ങളുമെല്ലാം ഈ നഗരത്തെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. വിനോദസഞ്ചാരം എല്ലാ പരിധികളും വിട്ടതോടെ നഗരത്തിലെ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പലപ്പോഴും അത് അണപൊട്ടി വലിയ പ്രതിഷേധങ്ങളിലേക്കും സമരങ്ങളിലേക്കും നീണ്ടു. ജൂലൈ ആറിന് നടന്ന കൂറ്റന്‍ പ്രതിഷേധ പ്രകടനത്തില്‍ ആയിരങ്ങളാണ് അണിനിരന്നത്. പ്ലക്കാര്‍ഡുകള്‍ക്കൊപ്പം പല നിറത്തിലുള്ള വാട്ടര്‍ഗണ്ണുകളും പിടിച്ചായിരുന്നു പ്രകടനം. മുന്നില്‍ക്കണ്ട വിനോദസഞ്ചാരികള്‍ക്ക് നേരെ തോക്കില്‍ നിന്ന് വെള്ളംചീറ്റിച്ച് പ്രതിഷേധക്കാര്‍ ആക്രോശിച്ചു.. ‘ബാഴ്‌സലോണ വില്‍പ്പനയ്ക്കില്ല‘…

നിയന്ത്രണങ്ങളില്ലാത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ നഗരത്തിലെ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുകയാണ് ചെയ്തത്. വിലക്കയറ്റം രൂക്ഷമായി, വീട്ടുവാടക കുത്തനെ ഉയര്‍ന്നു. നഗരത്തിലെ അപാര്‍ട്ട്‌മെന്റുകളെല്ലാം വിനോദസഞ്ചാരികള്‍ക്ക് ഹൃസ്വകാലത്തെ വാടകയ്ക്ക് നല്‍കാന്‍ തുടങ്ങിയതോടെ ഉയര്‍ന്ന വാടക നല്‍കിയാലും ജനങ്ങള്‍ക്ക് വാടക വീടുകള്‍ കിട്ടാത്ത സ്ഥിതിയായി. ഇത് രൂക്ഷമായതോടെ നഗരത്തിലെ ഇടതുപക്ഷക്കാരനായ മേയര്‍ 2028 ഓടെ അപാര്‍ട്ട്‌മെന്റുകള്‍ ടൂറിസ്റ്റുകള്‍ക്ക് വാടകയ്ക്ക് നല്‍കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. നേരത്തെ ടൂറിസ്റ്റുകള്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തിയും മേയര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതൊന്നും ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

വിനോദസഞ്ചാരത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വ്യവസ്ഥയും വികസന പദ്ധതികളും അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ഇത് സാധാരണക്കാരെ കൂടുതല്‍ ദരിദ്രരും പണക്കാരെ കൂടുതല്‍ പണക്കാരുമാക്കുന്നുവെന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. 180 ഓളം പ്രാദേശിക കൂട്ടായ്മകള്‍ ചേര്‍ന്നുള്ള നൈര്‍ഹുഡ് അസംബ്ലി ഫോര്‍ ടൂറിസം ഡീഗ്രോത്ത് എന്ന പ്രസ്ഥാനമാണ് പ്രതിഷേധ പരിപാടികളെ ഏകോപിപ്പിക്കുന്നത്.

ബാര്‍സലോണയ്ക്ക് പുറമെ സ്‌പെയിനിലെ കാനറി ദ്വീപുകള്‍ ഉള്‍പ്പടെയുള്ള നിരവധി ടൂറിസം കേന്ദ്രങ്ങളില്‍ സമാനമായ വിഷയങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ സമരത്തിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *