കൂടുതൽ കണ്ടെയ്നറുകള്‍ തീരത്തേക്ക്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആലപ്പുഴ കളക്ടർ

ആലപ്പുഴ: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ കപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിയുന്നു. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്നറുകള്‍ കൂടുതലും അടിഞ്ഞത്. കണ്ടെയ്നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നും ദുരന്ത നിവാരണ അതോറിറ്റി വീണ്ടും മുന്നറിയിപ്പ് നൽകി.
200 മീറ്റര്‍ അകലത്തിൽ മാത്രമെ നിൽക്കാൻ പാടുകയുള്ളുവെന്നാണ് നൽകുന്ന നിര്‍ദേശം.കണ്ടെയ്നറുകള്‍ പരിശോധിച്ചശേഷമായിരിക്കും സ്ഥലത്ത് നിന്ന് മാറ്റുകയെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. കസ്റ്റംസ് എത്തി പരിശോധിച്ചശേഷമായിരിക്കും കണ്ടെയ്നറുകള്‍ മാറ്റുക. ജാഗ്രത നിര്‍ദേശം തുടരുന്നുണ്ടെന്നും ജനങ്ങൾ അടുത്തേക്ക് പോകരുതെന്നും കപ്പൽ മുങ്ങിയ സ്ഥലത്ത് എണ്ണപാട നിര്‍വീര്യമാക്കാനുള്ള ജോലികള്‍ തുടരുകയാണെന്നും ആലപ്പുഴ കളക്ടര്‍ അറിയിച്ചു.