ഇന്ത്യൻ വംശജർ ഉള്ള ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കണം ഈ ദ്വീപരാഷ്ട്രം
ഉദയസൂര്യന്റെ നാടെന്ന ഖ്യാതി ജപ്പാന് അവകാശപ്പെട്ടതാണെങ്കിലും ജപ്പാനു കിഴക്ക് ദക്ഷിണ പസിഫിക്കില്‍ ഓഷ്യാനിയയുടെ ഭാഗമായി ചിതറിക്കിടക്കുന്ന മുന്നൂറിലേറെ ദ്വീപുകളുടെ സമൂഹമായ റിപ്പബ്ലിക് ഓഫ് ഫിജിക്കാണ് ആ വിശേഷണം കൂടുതല്‍ അനുയോജ്യമാകുന്നത്. ഓരോ ദിവസവും അവിടെയാണ് ലോകത്തിലെ ആദ്യത്തെ സൂര്യോദയം. നമ്മള്‍ ഇന്ത്യയില്‍ സൂര്യനെ കാണുന്നതിന് ആറര മണിക്കൂര്‍ മുമ്പ് ഫിജിയില്‍ സൂര്യനെത്തുന്നു.
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഫിജി. അതിമനോഹരമായ ഭൂപ്രകൃതിയും പവിഴപ്പുറ്റുകളും തെളിമയാര്‍ന്ന കടലിനോട് ചേര്‍ന്ന് കിടക്കുന്ന കായലും ഫിജിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. മുന്നൂറിലേറെ ദ്വീപുകളുള്ള ഒരു ദ്വീപസമൂഹമാണിത്. 150 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന അഗ്നിപര്‍വത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് രൂപപ്പെട്ടതാണ് ഫിജിയിലെ ദ്വീപുകള്‍. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായും ഫിജി അറിയപ്പെടുന്നു.
ഒന്‍പത് ലക്ഷത്തോളമാണ് ഫിജിയിലെ ജനസംഖ്യ. അതില്‍ 87 ശതമാനവും രണ്ട് പ്രധാന ദ്വീപുകളിലായി അധിവസിക്കുന്നു. വിതി ലെവുവിലാണ് തലസ്ഥാനമായ സുവ. തുറമുഖനഗരം. ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചക്കാലത്ത് നിര്‍മിക്കപ്പെട്ട കെട്ടിടങ്ങള്‍ നഗരത്തിന് ആകര്‍ഷകമായ പ്രൗഢി നല്‍കുന്നു. എല്ലാവര്‍ക്കും ഇംഗ്ലീഷ് അറിയാമെന്നതാണ് ഫിജിയിലെ പ്രത്യേകത. ഔദ്യോഗികഭാഷയും വ്യവഹാരഭാഷയും ഇംഗ്ലീഷാണ്. പുറമേ ഫിജിയനും ഹിന്ദിയും.
1643ല്‍ ടാസ്മന്‍ കണ്ടെത്തിയതും 1774-ല്‍ ക്യാപ്റ്റന്‍ കുക്ക് ബ്രിട്ടീഷുകാര്‍ക്ക് പരിചയപ്പെടുത്തിയതുമായ ഫിജിയന്‍ ദ്വീപസമൂഹം 1874-ല്‍ ബ്രിട്ടന്റെ കോളനിയായി. തോട്ടങ്ങളില്‍ പണിയെടുക്കുന്നതിന് അവര്‍ ധാരാളം ഇന്ത്യാക്കാരെ ഫിജിയിലെത്തിച്ചു. അങ്ങനെയാണ് ഫിജിയില്‍ ഇന്ത്യന്‍ വംശജരുണ്ടായത്. ജനസംഖ്യയുടെ 44 ശതമാനം ഇന്ത്യന്‍ വംശജരാണ്. അവര്‍ ഫിജിയന്‍ കലര്‍ന്ന ഹിന്ദി സംസാരിക്കുന്നു. ഹിന്ദി സിനിമകള്‍ ഫിജിയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇന്ത്യന്‍ വാര്‍ത്തകള്‍ ഫിജിയിലെ പത്രങ്ങളില്‍ വായിക്കാം. പഞ്ചസാരയും ടൂറിസവുമാണ് ഫിജിയുടെ പ്രധാന വരുമാനമാര്‍ഗം.പവിഴപ്പുറ്റുകളും നീലത്തടാകങ്ങളും ചേര്‍ന്ന് ഫിജിയുടെ കടല്‍ത്തീരത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നു. സുന്ദരകാഴ്ചകള്‍ മാത്രമല്ല സാഹസിക സഞ്ചാരികളെ കത്ത് സ്‌കൂബ ഡൈവിങ്ങും ഇവിടെ ഒരുക്കിയിട്ടുണ്ട്. പവിഴ പുറ്റുകള്‍, മനോഹരമായ സൂര്യാസ്തമയ കാഴ്ച, ഹരിതഭംഗി, ട്രക്കിങ്, ആഡംബര റിസോര്‍ട്ടുകള്‍ എന്നിങ്ങനെ ഫിജി മുന്നോട്ടുവെക്കുന്ന സാധ്യതകള്‍ വലുതാണ്. അതുകൊണ്ടുതന്നെ ഹണിമൂണ്‍ ടൂറിസത്തിന് പ്രശസ്തമാണ് ഫിജി. വിസ ഇല്ലാതെ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഫിജിയിലെത്താം. ആഗമനവേളയില്‍ നാല് മാസത്തേക്കുള്ള സന്ദര്‍ശക പെര്‍മിറ്റ് വിമാനത്താവളത്തില്‍ ലഭിക്കും.