പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണം: വി ഡി സതീശന്‍

0

തിരുവനന്തപുരം: സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ചു. പേരുകള്‍ പുറത്തുവിട്ടില്ലെങ്കില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയത്തിന്റെ നിഴലിലാകുമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നല്‍കിയ കത്തില്‍ പറയുന്നു. സാമൂഹിക പെന്‍ഷന്‍ പട്ടികയില്‍ അനര്‍ഹരായ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുമ്പുതന്നെ സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ സിഎജിയെ അറിയിച്ചിരുന്നതാണ്. എന്നിട്ടും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നത് അത്ഭുതമാണെന്നും കത്തില്‍ പറയുന്നു.

സര്‍വീസില്‍ തുടരവെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണം. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകും. ഇത്തരം ക്രമക്കേട് പുറത്തു വന്നത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തെ ബാധിക്കരുത്. പെന്‍ഷന്‍ കുടിശിക അടക്കം ഉടന്‍ കൊടുത്തു തീര്‍ക്കണം.

ഏതാനും സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായ പെന്‍ഷന്‍ കൈപ്പറ്റിയതില്‍ ജീവനക്കാരെ ആകെ അധിക്ഷേപിക്കുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ല. അവരുടെ ന്യായമായ അവകാശങ്ങള്‍ ഇതിന്റെ പേരില്‍ നിഷേധിക്കപ്പെടരുത്. ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറില്‍ ചില ഗുരുതരമായ പോരായ്മകള്‍ സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് അടിയന്തിരമായി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *