ക്ഷേമ പെൻഷൻ കുടിശിക ഉടനെ വിതരണം ചെയ്യും: മുഖ്യമന്ത്രി

0

 

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ കുടിശിക അതിവേഗം കൊടുത്തുതീർക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ കുടിശികകളും വേഗത്തിൽ കൊടുത്തുതീർക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2016ലെ സർക്കാർ അധികാരത്തിലെത്തുമ്പോൾ 600 രൂപയായിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ ഇപ്പോൾ 1600 രൂപയിൽ എത്തിനിൽക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ക്ഷേമ പെൻഷൻ വിതരണത്തിനു പ്രത്യേക സംവിധാനം സർക്കാർ സൃഷ്ടിച്ചു. പക്ഷേ, ഒരു കാര്യവും കേരളത്തിൽ കൃത്യമായി നടക്കാൻ പാടില്ലെന്നു നിർബന്ധമുള്ളവർ ആ പ്രത്യേക സംവിധാനത്തെയും ലക്ഷ്യമിട്ടു.

അതിനായി രൂപീകരിച്ച കമ്പനി എടുക്കുന്ന വായ്പകൾ സർക്കാർ കൃത്യമായി തിരിച്ചടക്കുന്നതാണെങ്കിലും സർക്കാരിന്റെ കടമെടുപ്പിൽപ്പെടുത്തുകയും അതിലൂടെ അവകാശപ്പെട്ട കടമെടുപ്പു പരിധിയിൽ കുറവുവരുത്തുകയും ചെയ്തു. ഇതുമൂലം കുറച്ചു മാസം കൃത്യമായി പെൻഷൻ കൊടുക്കാൻ കഴിയാതിരുന്ന സാഹചര്യമുണ്ടായി. ഇപ്പോൾ ഓരോ മാസവും ക്ഷേമ പെൻഷൻ കൃത്യമായി നൽകുന്നുണ്ട്.

അതു മുടക്കാമെന്ന ധാരണ ആർക്കും വേണ്ട. കുടിശികത്തുക ഒന്നിച്ചു കൊടുത്തുതീർക്കാൻ ഇപ്പോഴത്തെ സാമ്പത്തിക പ്രയാസംകൊണ്ടു കഴിയില്ല. എന്നാൽ കുടിശിക അതിവേഗം കൊടുത്തു തീർക്കും.സാമ്പത്തിക പ്രതിസന്ധിയിൽപ്പോലും സർക്കാർ ജീവക്കാരുടെ ശമ്പളം കൃത്യമായി നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ജീവനക്കാർക്ക് അർഹമായ ഡിഎ കൃത്യമായി നൽകുന്നതിനു പ്രയാസങ്ങളുണ്ടെന്നതു യാഥാർഥ്യമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആ വിഷമം ജീവനക്കാർ എല്ലാക്കാലത്തും അനുഭവിക്കേണ്ടിവരില്ല. ഏറ്റവും അടുത്ത അവസരത്തിൽത്തന്നെ അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലേക്കു കടക്കാൻ പറ്റുന്ന സാഹചര്യത്തിലേക്കു സർക്കാർ എത്തുമെന്നാണു പ്രതീക്ഷ. പെൻഷൻകാരുടെ ഡി.ആർ. പ്രശ്‌നവും കാലവിളംബമില്ലാതെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *