ക്ഷേമപെന്‍ഷന്‍ വാങ്ങിയ 74 ജീവനക്കാര്‍ക്കെതിരെ മൃഗസംരക്ഷണ വകുപ്പ് അന്വേഷണം ആരംഭിച്ച്
തിരുവനന്തപുരം: അനര്‍ഹമായി സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപറ്റിയ 74 ജീവനക്കാര്‍ക്കെതിരെ പ്രത്യേക അന്വേഷണം ആരംഭിച്ച് മൃഗസംരക്ഷണ വകുപ്പ്. ഇവരുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും അന്വേഷണം നടത്തുന്നതിനുമായി മൃസംരക്ഷണ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.
സംസ്ഥാനത്തെ വിവിധ വകുപ്പുകളിലായി ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 ജീവനക്കാര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപറ്റിയിട്ടുണ്ടെന്നായിരുന്നു ധനവകുപ്പിന്റെ കണ്ടെത്തല്‍. ആരോഗ്യവകുപ്പിലായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍ വാങ്ങിയത്.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 124 പേരും പെന്‍ഷന്‍ വാങ്ങി. ആയുര്‍വേദ വകുപ്പിലെ 114 പേരും പൊതുമരാമത്ത് വകുപ്പിലെ 47 ജീവനക്കാരും പണം കൈപറ്റി. അനധികൃതമായി പെന്‍ഷന്‍ കൈപറ്റിയ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.