ദക്ഷിണധ്രുവത്തിലും ആഴക്കടലിലും മാത്രം കാണുന്ന പക്ഷികൾ ചിലത് ഇന്ത്യന്‍ സമുദ്രതീരത്ത്
ദക്ഷിണധ്രുവത്തിലും ആഴക്കടലിലും മാത്രം കാണുന്ന പക്ഷികളില്‍ ചിലത് ഇന്ത്യന്‍ സമുദ്രതീരത്ത് എത്തുന്നതായി നിരീക്ഷണം. കാലങ്ങളായി പക്ഷിനിരീക്ഷണം നടത്തുന്ന സംഘമാണ് അതിഥികളായി എത്തിയ ഈ പക്ഷികളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത്. എങ്ങനെ, എന്തുകൊണ്ട് ഇവ ഇന്ത്യന്‍ തീരങ്ങളില്‍ എത്തുന്നു എന്ന അന്വേഷണം ചെന്നെത്തുന്നത് ആഴക്കടലില്‍ അസ്വഭാവികമായി ശക്തിയോടെ ഉണ്ടാകുന്ന കാറ്റിലും കാലാവസ്ഥാ വ്യതിയാനത്തിലും ആണ്.
ആഴക്കടലില്‍മാത്രം കണ്ടുവരുന്ന പെലാജിക്ക് വിഭാഗത്തില്‍പ്പെട്ട പക്ഷികളെ നിരീക്ഷിക്കാനും അവയെക്കുറിച്ച് മനസ്സിലാക്കാനും ഉള്‍ക്കടലുകളില്‍പോയി നിരീക്ഷണം നടത്തുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാല്‍, കുറച്ചുകാലമായി അങ്ങനെ പോകാന്‍ സാധിക്കാത്ത ചിലര്‍ തീരങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിവന്നിരുന്നു.
ഈ നിരീക്ഷണത്തിലാണ് ആര്‍ക്ടിക്ക് സ്‌കുവ (മുള്‍വാലന്‍ സ്‌കുവ), സൂട്ടി ടേണ്‍ (കറുത്ത കടലാള), ബ്രൗണ്‍ നോഡി (തവിടന്‍ നോഡി ആള), ലെസ്സര്‍ നോഡി (ചെറിയ നോഡി ആള), ബ്രൈഡ്‌ലെഡ് ടേണ്‍ (തവിടന്‍ കടലാള), സൗണ്‍ഡേഴ്‌സ് ടേണ്‍ (വെണ്‍ചുട്ടി ആളച്ചിന്നന്‍), വില്‍സണ്‍സ് സ്റ്റോം പെട്രേള്‍ (വില്‍സണ്‍ കാറ്റിളക്കി), ലൈറ്റ് മാന്‍ഡില്‍ഡ് ആല്‍ബട്രോസ്, ഗ്രേ ഹെഡഡ് ആല്‍ബട്രോസ് എന്നിവയെ കണ്ടെത്തിയത്.
ഇതില്‍ ലൈറ്റ് മാന്‍ഡില്‍ഡ് ആല്‍ബട്രോസിനെ തമിഴ്‌നാടിന്റെ കടല്‍ത്തീരത്ത് നിന്നും ഗ്രേ ഹെഡഡ് ആല്‍ബട്രോസിനെ ശ്രീലങ്കന്‍ തീരത്തുനിന്നും ആണ് കണ്ടത്. ഇതില്‍ ആല്‍ബട്രോസ് ഒഴികെയുള്ള ഏഴ് ഇനങ്ങളെയും കോഴിക്കോട്ടുനിന്ന് പക്ഷിനിരീക്ഷകരായ മുഹമ്മദ് ഹിരാഷും യദുപ്രസാദും കണ്ടെത്തിയിരുന്നു.
അടുത്തിടെ ‘കടല്‍ സൂപ്രണ്ട്’ എന്ന വിളിപ്പേരുള്ള നീലമുഖി കടല്‍വാത്തയെ കണ്ണൂരില്‍ കണ്ടെത്തിയിരുന്നു. അവശനിലയിലായിരുന്ന നീലമുഖിയെ ‘മാര്‍ക്ക്’ എന്ന സന്നദ്ധസംഘടനയുടെ കീഴില്‍ പരിപാലിച്ച് ദിവസങ്ങള്‍ക്കുശേഷം പയ്യാമ്പലം ബീച്ചില്‍ പറത്തിവിടുകയായിരുന്നു.
ശക്തമായ കാറ്റാകാം കാരണം – പ്രവീണ്‍ ജെ. സയന്റിസ്റ്റ്, എന്‍.സി.എഫ്.
കാലവര്‍ഷസമയത്ത് ആഴക്കടലില്‍പോയി പക്ഷിനിരീക്ഷണം സാധ്യമല്ലാതായതാണ് തീരത്തുനിന്ന് നിരീക്ഷണം നടത്താന്‍ കാരണം. ഈ പരിശ്രമത്തിലാണ് ബ്രൗണ്‍ നോഡി, ലെസ്സര്‍ നോഡി ഉള്‍പ്പെടെയുള്ള കടല്‍പ്പക്ഷികളെ കേരളതീരത്ത് കൂടുതലായി കണ്ടെത്താന്‍ സാധിച്ചത്. ദക്ഷിണധ്രുവത്തില്‍ മാത്രം കാണുന്ന ചില പക്ഷികള്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ ശക്തി (ട്രോപ്പിക്കല്‍ സൈക്ലോണ്‍) കൊണ്ട് ഉത്തരധ്രുവത്തിലേക്ക് എത്തുന്നുണ്ട്.
ശക്തമായ കാറ്റില്‍ പെട്ടാണ് ഇവ ദേശാടനപ്പാത തെറ്റി തീരത്ത് വന്നെത്തുന്നത്. ഇതുതന്നെയാകും ആല്‍ബട്രോസ് ഇനത്തില്‍പ്പെട്ട പക്ഷികളെ തമിഴ്‌നാട്ടിലും ശ്രീലങ്കയിലും കണ്ടെത്താന്‍ ഇടയാക്കിയത്. എന്നാല്‍, ഇതേക്കുറിച്ച് കൂടുതല്‍ പഠനം നടക്കേണ്ടതുണ്ട് – എന്‍.സി.എഫ്. ബെംഗളൂരു സയന്റിസ്റ്റായ പ്രവീണ്‍ ജെ. പറയുന്നു.