കുത്തിവയ്പ്പ് നല്‍കിയില്ല; പേവിഷബാധയേറ്റ് 8 വയസുകാരന്‍ മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം

0

ആലപ്പുഴ: പേവിഷബാധയേറ്റ് 8 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരേ ആരോപണവുമായി ബന്ധുക്കള്‍. പള്ളിപ്പാട് സ്വദേശി ദേവനാരായണനാണ് പേവിഷബാധ മൂലം വ്യാഴാഴ്ച മരിച്ചത്. ഡോക്ടര്‍മാരെ രണ്ടു വട്ടം കണ്ടിട്ടും കുത്തിവയ്പ്പ് നല്‍കിയില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

ഒരുമാസം മുമ്പാണ് ദേവനാരായണനെ തെരുവുനായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ വീടിന് മുന്നിലൂടെ പോയ അമ്മയെയും കുഞ്ഞിനെയും തെരുവുനായ കടിക്കാന്‍ ഓടിയെത്തിയതു കണ്ട ദേവനാരായണന്‍ കൈയിലിരുന്ന പന്ത് നായയുടെ നേര്‍ക്ക് എറിഞ്ഞു. ഇതോടെ നായ കുട്ടിക്കു നേര്‍ക്ക് തിരിയുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ കുട്ടി സമീപത്തെ ഓടയില്‍ വീഴുകയും തെരുവുനായ ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റ കുട്ടിയെ ഉടന്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൗസ് സര്‍ജന്മാരാണ് ചികിത്സ നല്‍കിയത്. വീണു പരിക്കേറ്റതിനുള്ള ചികിത്സ മാത്രമാണ് നൽകിയത്. പേവിഷബാധയ്‌ക്കെതിരെ കുത്തിവെയ്പ് എടുത്തില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.

3 ദിവസം മുമ്പ് ദേവനാരായണന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങുകയും ഭക്ഷണം കഴിക്കാതാകുകയും ചെയ്തതോടെ കുട്ടിയെ വീണ്ടും ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം നടന്നുപോയപ്പോള്‍ കുട്ടി വീണ് പരിക്കേറ്റെന്നാണ് പറഞ്ഞതെന്നും പട്ടി കടിച്ച കാര്യം അറിയിച്ചില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം

Spread the love

Leave a Reply

Your email address will not be published. Required fields are marked *