കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണ് പിസി ജോര്‍ജ് ,വെള്ളാപ്പള്ളി

0

കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണ് പിസി ജോര്‍ജ് എന്ന് എസ്എന്‍ഡിപി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജോര്‍ജിനെ കേരളത്തില്‍ ആരും വിശ്വസിക്കില്ല എങ്ങും സ്ഥലമില്ലാതെ വന്നപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി കാണിച്ചത് തെറ്റാണ്. പി. സി. മത്സരിച്ചാല്‍ ദയനീയ പരാജയം ഉറപ്പാണ്.

ആര്‍എസ്പി നേതാവ് എന്‍.കെ പ്രേമചന്ദ്രനെ പിന്തുണച്ചും വെള്ളാപ്പള്ളി രംഗത്തെത്തി. എന്‍കെ പ്രേമചന്ദ്രന്‍ മോദിക്കൊപ്പം ഭക്ഷണം കഴിച്ചതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച വെള്ളാപ്പള്ളി പിണറായി വിജയന്‍ മോദിക്ക് കൈ കൊടുത്തിട്ടില്ലേയെന്നും ചോദിച്ചു. എന്‍ കെ പ്രേമചന്ദ്രനെ മോശക്കാരനാക്കാന്‍ ആരൊക്കയോ ശ്രമിക്കുകയാണ്. ഇനിയുള്ള അഞ്ച് കൊല്ലവും മോദി ഇന്ത്യ ഭരിക്കും. കോണ്‍ഗ്രസ്സിന് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. വിഡി സതീശനും സുധാകരനും ഒരുമിച്ചു യാത്ര നടത്തുന്നത് തന്നെ ഒരുമ ഇല്ലാത്തത് കൊണ്ടാണ്. മറ്റെല്ലാ പാര്‍ട്ടിയിലും ഒരു നേതാവാണ് മാര്‍ച്ച് നയിക്കുന്നത്.

രമേശ് ചെന്നിത്തല കോണ്‍ഗ്രസിലെ മാന്യനാണ്. ഇപ്പോള്‍ തലപ്പത്തു ഇരിക്കുന്നവര്‍ തറ പറ പറയുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത പത്രത്തില്‍ വായിച്ചു. തുഷാര്‍ വിജയിക്കുമോ എന്ന് താന്‍ പറയാനില്ല. അപ്രിയ സത്യങ്ങള്‍ പറയാതെ ഇരിക്കുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *