ഇടപാടുകൾ അവസാനിപ്പിക്കാൻ ഒരുങ്ങി പേ ടി എം ബാങ്ക്; നിയന്ത്രണങ്ങൾ നാളെ (വെള്ളി) മുതൽ
ന്യൂഡൽഹി: പേടിഎം ബാങ്ക് ഇടപാടുകൾക്ക് അവസാനമാകുന്നു. പേടിഎം ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള നിക്ഷേപങ്ങൾ സ്വീകരിക്കൽ, ക്രെഡിറ്റ് ഇടപാടുകൾ എന്നിവയ്‌ക്കുമേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വരുന്ന വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലാവും. ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാണിച്ച് പേടിഎം ബാങ്കിന് ആർബിഐ താഴിടുന്നത് കഴിഞ്ഞ ജനുവരി 31നാണ്.
പേടിഎം ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഡീമാറ്റ് അക്കൗണ്ടിലൂടെ ഇടപാട് നടത്താനാവില്ല എന്നും മറ്റ് ബാങ്ക് അക്കൗണ്ടുകൾ തിരഞ്ഞെടുക്കണം എന്നും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും മുന്നറിയിപ്പ് നൽകിയിരുന്നു. ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കൃത്യമായ തിരിച്ചറിയൽ രേഖകൾ പോലും ഇല്ലാതെയാണ് പേടിഎം അനുമതി നൽകിയത് എന്ന് ആർബിഐ കണ്ടെത്തുകയും ബാങ്കിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുകയും ആയിരുന്നു.
പല അക്കൗണ്ടുകൾ തുറക്കുന്നതിന് ഒരേ തിരിച്ചറിയൽ രേഖ ഉപയോഗിച്ചു എന്നും ആർബിഐ കണ്ടെത്തിയിരുന്നു. ഇത്തരം അക്കൗണ്ടുകൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാൻ വരെ സാധ്യതയുണ്ട് എന്നാണ് ആർബിഐ ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഇഡിയെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും ആർബിഐ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പേ ടി എം പ്രവർത്തനരഹിതമാകുന്നതോടെ പെയ്മെന്റ്സ് ബാങ്ക് അക്കൗണ്ടിലേക്ക് ഉപഭോക്താക്കൾക്ക് പണം നിക്ഷേപിക്കാനാവില്ല. അക്കൗണ്ടിൽ നിലവിലുള്ള പണം പിൻവലിക്കാനും ട്രാൻസ്ഫർ ചെയ്യാനും സാധിക്കുകയും ചെയ്യും. അതുപോലെതന്നെ പേടിഎം പ്രവർത്തനരഹിതമാകുന്നതോടെ ശമ്പളം, സർക്കാർ ധനസഹായം, സബ്സിഡി എന്നിവ ലഭിക്കുന്നത് ഇല്ലാതാകും. റീഫണ്ട്, ക്യാഷ്ബാക്ക് എന്നിവ പാർട്ണർ ബാങ്കുകളിൽ നിന്ന് ലഭിക്കുകയും ചെയ്യും.
നിലവിൽ വാലറ്റിൽ ബാലൻസ് ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് പെയ്മെന്റ് നടത്താൻ സാധിക്കുമെങ്കിലും പണം ചേർക്കാനോ ട്രാൻസ്ഫർ ചെയ്യാനോ സാധിക്കില്ല. ഫാസ്ടാഗ് റീചാർജ് ചെയ്യുന്നതിന് പേടിഎം ബാങ്ക് ഉപയോഗിക്കാൻ സാധിക്കില്ല.
പേടിഎം ബാങ്ക് പ്രവർത്തനരഹിതമാകുന്നതോടെ ബാങ്ക് അനുവദിച്ച നാഷണൽ കോമൺ മൊബിലിറ്റി കാർഡും പ്രവർത്തനരഹിതമാകും. പേടിഎം ബാങ്ക് പ്രവർത്തനരഹിതമാകുന്നതോടെ യുപിഐ, ഐ എം പി എസ് എന്നിവ ഉപയോഗിച്ചും പേടിഎം പെയ്മെന്റ്സ് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുകയില്ല.