ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലാ എന്ന് ശരദ് പവാർ
ആറ് പതിറ്റാണ്ടിലേറെയായി മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നിർണായക വ്യക്തിത്വമായ ശരദ് പവാർ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് സൂചന.
ബാരാമതി : ഭാവിയിലെ ഒരു തിരഞ്ഞെടുപ്പിലും താൻ മത്സരിക്കില്ലെന്നും യുവതലമുറയെ നയിക്കാൻ പ്രവർത്തിക്കുമെന്നും പറഞ്ഞു. 83 കാരനായ പവാർ, വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പാണ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതിന് മുമ്പ് തൻ്റെ അവസാന അതിർത്തിയെന്ന് സൂചന നൽകി.
ബാരാമതിയിലെ ഒരു യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്, തൻ്റെ ചെറുമകൻ യുഗേന്ദ്ര പവാറിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് പവാർ ഈ കാര്യം ജനങ്ങളെ അറിയിച്ചത്.
1967ൽ ബാരാമതിയിൽ നിന്ന് ആദ്യമായി എംഎൽഎയായത് മുതൽ 57 വർഷത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരാജയമറിയാത്ത പവാർ, ജനസേവനവും പ്രവർത്തനവും തുടരുമെന്ന് പറഞ്ഞു.
“ഞാൻ 14 തവണ മത്സരിച്ചു. ഒരു തവണ പോലും നിങ്ങൾ (ജനങ്ങൾ) എന്നെ വീട്ടിലേക്ക് അയച്ചില്ല. നിങ്ങൾ എന്നെ എല്ലാ തവണയും തിരഞ്ഞെടുത്തു. പക്ഷേ, എനിക്ക് എവിടെയെങ്കിലും നിർത്തേണ്ടിവരും. എനിക്ക് പുതിയ തലമുറയെ മുന്നോട്ട് കൊണ്ടുവരണം. ഇതിനർത്ഥം ഞാൻ സാമൂഹിക പ്രവർത്തനം ഉപേക്ഷിച്ചു എന്നല്ല ” പവാർ പറഞ്ഞു.
രാഷ്ട്രീയ ഭേദമന്യേ ആരാധകരുള്ള ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും മിടുക്കനായ നേതാവാണ് പവാർ .നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയും യുപിഎ ഭരണകാലത്ത് പ്രതിരോധം, കൃഷി തുടങ്ങിയ സുപ്രധാന കേന്ദ്ര കാബിനറ്റ് പദവികൾ വഹിക്കുകയും ചെയ്ത പവാർ 1999-ലാണ് എൻസിപി രൂപീകരിക്കുന്നത് . 2023-ൽ അദ്ദേഹത്തിൻ്റെ അനന്തരവൻ അജിത് പവാർ പ്രത്യേക വിഭാഗമുണ്ടാക്കിയതിനെത്തുടർന്ന് പാർട്ടി പിളർപ്പിന് സാക്ഷ്യം വഹിച്ചു.
ഒരു വർഷം മുമ്പ്, പവാർ രാഷ്ട്രീയത്തിൽ നിന്നുവിരമിക്കുന്നു എന്ന കിംവദന്തികൾ ഉയർന്നപ്പോൾ അത് തള്ളിക്കൊണ്ട് “താൻ ക്ഷീണിതനല്ല, വിരമിച്ചിട്ടില്ല” എന്നദ്ദേഹം പ്രഖ്യാപിച്ചിരുന്നു.. പ്രായാധിക്യം കണക്കിലെടുത്ത് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണമെന്ന അജിത് പവാറിൻ്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായിരുന്നു അന്ന് ഈ പരാമർശം.
“ഒന്നോ രണ്ടോ തവണയല്ല, നാല് തവണ നിങ്ങൾ എന്നെ മുഖ്യമന്ത്രിയാക്കി. 1967 ൽ നിങ്ങൾ എന്നെ തിരഞ്ഞെടുത്തു, മഹാരാഷ്ട്രയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നതിന് മുമ്പ് ഞാൻ 25 വർഷം ഇവിടെ സേവനം ചെയ്തു.ഇനി പാർട്ടിയെ ഭാവിയിലേക്ക് വളർത്തേണ്ട സമയമാണ് . അടുത്ത മുപ്പതു വർഷത്തേക്കുള്ള നല്ല നേതൃത്തത്തെ രൂപപ്പെടുത്തണം . ”പവാർ ബാരാമതിയിൽ പറഞ്ഞു.